Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മന്ത്രിസഭാ രൂപവത്കരണ വേളയിലും പിന്നീട് വകുപ്പ് വിഭജനത്തിലും നേരിട്ട അവഗണനയിൽ കടുത്ത അമർഷത്തിലുള്ള ലത്തീൻ സഭയെ അനുനയിപ്പിക്കാൻ യു.ഡി.എഫ്. ശ്രമം. മുഖ്യമന്ത്രി വി.ഡി.സതീശനുമായി നല്ല അടുപ്പം പുലർത്തുന്ന മന്ത്രിമാരായ കെ.മുരളീധരൻ, സി.പി.ജോൺ എന്നിവരെ അദ്ദേഹം തന്നെ ലത്തീൻ സഭാ ആസ്ഥാനത്തേക്കു പറഞ്ഞുവിട്ടു.
അതൃപ്തി പരസ്യമാക്കിയ ലത്തീൻ സഭയെ തണുപ്പിക്കാനെത്തിയ മുരളിയും ജോണും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുമായി ചർച്ച നടത്തി. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്കുന്നതിൽ ലത്തീൻ സഭയ്ക്ക് കടുത്ത എതിർപ്പുണ്ട്. ‘കടലിനെ അറിയുന്നയാൾ തന്നെ ഫിഷറീസ് മന്ത്രിയാകണം’ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടു സഭാ നേതൃത്വം കർശനമായി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കം. താൻ സഭാ ആസ്ഥാനത്തെ സ്ഥിരം സന്ദർശകനാണെന്നും തിരുവനന്തപുരത്തുള്ള 2 മന്ത്രിമാർ എന്ന നിലയിലാണ ജോണിനെക്കൂടി കൂട്ടിയതെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയോട് അവർ ആവശ്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും പുതിയ ചർച്ചയിൽ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയി। പരമാവധി സാമുദായിക പരിഗണന നല്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, മുരളീധരന്റെ അവകാശവാദങ്ങൾ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര തള്ളി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണെന്നും അത്തരത്തിലുള്ളവർ മുന്നിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു.

























