Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എൽ.ഡി.എഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായി. ജനങ്ങളെയാകെ വിശ്വാസത്തിലെടുത്ത് തിരിച്ചടി പരിശോധിക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളത്. എല്ലാ സഖാക്കളെയും കേൾക്കും. പ്രാഥമികമായ പരിശോധനയാണ് ബുധനാഴ്ച ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എഴുതിക്കൊണ്ടുവന്ന കുറിപ്പാണ് സെക്രട്ടറി പത്രസമ്മേളനത്തിൽ വായിച്ചത്.
‘തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് എൽ.ഡി.എഫിന് ഉണ്ടായത്. സംഘടനാപരവും രാഷ്ട്രീപരവുമായ പ്രശ്നങ്ങൾ, പാർട്ടിക്കെതിരായി വന്ന വിവിധ തരത്തിലുള്ള പ്രചാര വേലകളും പരാജയത്തിനിടയായിട്ടുണ്ട് എന്ന് പാർട്ടി പ്രാഥമികമായി കാണുന്നു. ഇത് സംബന്ധിച്ച്, പാർട്ടിയുടെ പ്രവർത്തകരേയും പാർട്ടി ഘടകങ്ങളേയും എൽ.ഡി.എഫിലെ ഘടകകക്ഷികളേയും ജനങ്ങളേയും വിശ്വാസത്തിലെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടിയുടെ പരിശോധനയും നിലപാടുകളും.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 37.6 ശതമാനം വോട്ട് ആണ് ലഭിച്ചത്. താരതമ്യേന ഇത് കുറഞ്ഞ വോട്ട് ആണ്. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 2019ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളുമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ആ സന്ദർഭത്തിൽ തിരിച്ചടിയുടെ പാഠം പഠിക്കുകയും ജനങ്ങൾക്ക് ബോധ്യമാകും വിധത്തിൽ തിരുത്തലുകൾ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിൽ ഉള്ളത്. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കും. അത് സംബന്ധിച്ച് വളരെ ഏറെ പ്രാധാന്യത്തോടെ മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർത്ത്, സഖാക്കൾക്ക് പറയാനുള്ളത് കേൾക്കാനും മുകളിലേക്ക് എടുക്കാനും സാധിക്കണമെന്ന് പാർട്ടി ആലോചിച്ചിട്ടുണ്ട്.
പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടേറിയറ്റിൽ നടന്നത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണം എന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ അഭിപ്രായം. എല്ലാ ഏരിയാ കമ്മിറ്റികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് എല്ലാ ലോക്കൽ കമ്മിറ്റികളും ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേർന്ന് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. തുടർന്ന് തിരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി താഴേത്തട്ടിലേക്ക് നൽകില്ല. അവരെ കൂടി കേട്ട ശേഷം കൃത്യമായ വിശകലനം തയ്യാറാക്കണം.
5 വർഷം കഴിയുമ്പോൾ ഭരണം മാറിവരുന്ന സംസ്ഥാനമാണ് കേരളം. അത് മാറ്റിക്കുറിച്ച് 10 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരണത്തിലായി. ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരുന്ന മുന്നണിയാണെന്ന കാര്യത്തിൽ സംശയമില്ല. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകൾ പാർട്ടി സ്വീകരിക്കും.’
പാലക്കാട് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ യു.ഡി.എഫ്. ആഹ്ളാദപ്രകടനത്തിനിടെ ഉണ്ടായ അതിക്രമത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ പുതിയ സര്‍ക്കാർ അധികാരത്തിലേറുന്നതിനു മുമ്പു തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഭരണപക്ഷ സംഘടനയുടെ നേതാവിൻ്റെ കത്തു പരാമർശിച്ചു തന്നെ ഉത്തരവിറങ്ങുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.




















