29 C
Trivandrum
Sunday, December 21, 2025

യാഥാർത്ഥ്യങ്ങളിൽ നിന്നും പിറവിയെടുത്ത ശ്രീനിവാസൻ ചിത്രങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ലോകത്തെവിടെയുമുള്ള മലയാളികൾ തിരിച്ചറിയുന്നതാണ് മമ്മൂട്ടിയുടെ ശബ്ദം. എന്നാൽ മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസൻ ഡബ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സംഗതി സത്യമാണ്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനായി ശ്രീനിവാസൻ ഡബ്ബ് ചെയ്തത്. സംവിധായകൻ ആലപ്പി അഷറഫാണ് ഈ കഥ വെളിപ്പെടുത്തിയത്. സിനിമയുടെ റിലീസ് വരെ തീരുമാനിച്ചു. എന്നാൽ മമ്മൂട്ടിയ്ക്ക് എത്താൻ സാധിക്കാതെ വന്നതോടെ ശ്രീനിവാസൻ ഡബ്ബ് ചെയ്‌യുകയായിരുന്നു. ഇത് അധികമാർക്കും അറിയാത്ത കാര്യമാണ്. അഷ്‍റഫ് നിർമിച്ച് സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥ 1983ലാണ് ഇറങ്ങുന്നത്. പ്രേംനസീറായിരുന്നു അതിൽ നായകൻ. നായിക സീമയും. അന്ന് സൂപ്പർ സ്റ്റാർ എന്നത് പ്രേംനസീറായിരുന്നു. സംശയമില്ല.

അക്കാലത്ത് തുടക്കകാരനായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയം സിനിമ ലോകം വളരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ പടത്തിലൊരു ഉപനായകന്റെ വേഷമുണ്ട്. കാഴ്ചയില്ലാത്ത കഥാപാത്രം. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൊള്ളാല്ലോ ഞാൻ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അഡ്വാൻസ് കൊടുത്തു. എഗ്രിമെന്റ് തന്നു. നാലഞ്ച് മാസം കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങിയത്. ആ സമയം കൊണ്ട് പുള്ളി വലിയ ലെവലായി. ധാരാളം പടങ്ങളായി. അതിന്റെ തിരക്കിനിടയിലും അദ്ദേഹം കൃത്യമായി വന്ന് അഭിനയിച്ചു. പക്ഷേ നിർഭാഗ്യവശാൽ ഡബ്ബിംഗിന് വരാൻ പറ്റിയില്ല. അദ്ദേഹം ഊട്ടിയിലായിരുന്നു. റിലീസും ഫിക്‌സ് ചെയ്തുപോയി. മമ്മൂട്ടിയ്ക്ക് എത്താൻ പറ്റാത്തതുകൊണ്ട് അന്ന് ഡബ്ബ് ചെയ്തത് നമ്മുടെ നടൻ ശ്രീനിവാസനായിരുന്നു. ഒരു സിനിമ പത്തുവട്ടം കണ്ടിട്ടുണ്ടെന്ന് പുകഴ്‍ത്തുന്നവരോട് ശ്രീനിയുടെ മറുചോദ്യം ഇങ്ങനെയായിരിക്കും – അതെന്താ ഒമ്പത് വട്ടം കണ്ടിട്ടും സിനിമ മനസിലായില്ലേ ? ഒരു സ്ഥലത്ത് വച്ച് ഒരു സ്ത്രീ എന്നോട് വന്ന് പറഞ്ഞു നിങ്ങളുടെ ‘ചിന്താവിഷ്ടയായ ശ്യാമള’ ഞാൻ പത്ത് വട്ടം കണ്ടിട്ടുണ്ട്. അപ്പോൾ ഞാൻ ചോദിച്ചു ഒൻപത് പ്രാവശ്യം കണ്ടിട്ടും മനസ്സിലായില്ലേന്ന് – ഒരു ടി.വി അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു. ഓരോ സ്ഥലത്ത് പോകുമ്പോഴാണ് പ്രതികരണങ്ങൾ അറിയുന്നത്. യാത്ര ചെയ്യുമ്പോഴൊക്കെ പലരും വരാറുണ്ട്. ഒരിക്കൽ ഒരാൾ വന്നിട്ട് ചോദിച്ചു “എവിടെയോ കണ്ടിട്ടുണ്ടല്ലോ”, ഞാൻ പറഞ്ഞു അതിനു ഒരു സാധ്യതയുമില്ല എന്ന്. അയാൾക്ക് ഞാൻ ആരാണ് എന്ന് നന്നായി അറിയാം. ചില ആളുകൾക്ക് ഉള്ള സൂക്കേടാണ് അത്. എന്നോട് ചോദിച്ചു എന്താ പേര്. ഞാൻ അടുത്ത സെക്കൻഡിൽ തന്നെ പറഞ്ഞു ‘ഗോവിന്ദൻകുട്ടി’. ഓഹ്..എന്ന് പറഞ്ഞിട്ട് എന്നെ ഇടം കണ്ണിട്ട് ഒന്ന് നോക്കുവാ ആള്. എന്റെ മുഖഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായില്ല. കുറേക്കഴിഞ്ഞിട്ട് ചോദിക്കും ഷൂട്ടിങ്ങിന് പോകുവാണോന്ന്.. അയാൾ എന്നോട് ആദ്യം ചോദിച്ച കാര്യമൊക്കെ മറന്നു പോകും.

തലമുറകളോളം മലയാളി ചേർത്തുപിടിച്ച സിനിമകളുടെ രചനയെക്കുറിച്ചും ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്. എഴുതുന്ന സമയത്ത് എഴുതുന്ന ലോകത്ത്, അതിപ്പോൾ ഒരു ആൾക്കൂട്ടത്തിന്റെ നടുവിൽ ആണെങ്കിലും അതൊന്നും അറിയാറില്ല. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റുള്ള കാര്യങ്ങൾ എല്ലാം മറന്നു പോകും. ‘സന്ദേശ’ത്തിന്റെ തിരക്കഥയൊക്കെ ലൊക്കേഷനിൽ ഇരുന്നും മുറിക്കകത്തും ഒക്കെ ഇരുന്ന് എഴുതിയതാണ്. അതും പോരാഞ്ഞിട്ട് അപ്പപ്പോൾ എഴുതി ഷൂട്ട് ചെയ്‌തിട്ടുമുണ്ട്‌. മിക്കവാറും സിനിമകളൊക്കെ അങ്ങനെ തന്നെ ആയിരുന്നു. എഴുതാനുള്ള സമയമൊക്കെ നേരത്തെ ഉണ്ടാകുമെങ്കിലും പരമാവധി നന്നാക്കാനുള്ള ആലോചന ഇങ്ങനെ മനസ്സിൽ നടത്തിക്കൊണ്ടേയിരിക്കും. അത് കൊണ്ട് എഴുതാൻ തുടങ്ങുമ്പോൾ പിൻവലിയാൻ പ്രേരിപ്പിക്കും. എന്തിനാ ? കുറച്ചു കൂടി ആലോചിച്ച് കൂടുതൽ നന്നാക്കി എഴുതാൻ. അങ്ങനെ ആലോചിച്ച് സമയം പോയി, അവസാനം ഷൂട്ടിംഗ് ലൊക്കേഷനിൽ ജനറേറ്റർ ഓൺ ചെയ്‌ത ശബ്ദം കേൾക്കുമ്പോഴേ എഴുത്ത് വരൂ. ഇനി നിവർത്തിയില്ല എന്ന ഘട്ടം വരുമ്പോൾ എഴുതി പോകുന്നതാണ്. ശരിക്കും ഏറ്റവും നല്ലകാര്യം ബഹളം നിറഞ്ഞ അന്തരീക്ഷത്തിലും എഴുതാൻ സഹായകരമായിട്ടുണ്ടെന്നതാണ്.

യഥാർത്ഥ ജീവിതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമകൾ എഴുതിയിട്ടുണ്ട്. വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ പ്രചോദനം ജീവിതത്തിൽ പരിചയമുള്ള ഒരാളിൽ നിന്നായിരുന്നു. പക്ഷെ അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഒരു കാര്യം പോലും ഞാൻ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. അയാൾ ഒരു പ്രചോദനം മാത്രമായിരുന്നു. അയാൾ പറഞ്ഞ കാര്യങ്ങൾ വളരെയധികം വിചിത്രമാണ്. പ്രേക്ഷകർ ചിലപ്പോൾ അത് തള്ളിക്കളയുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യും. അത് കൊണ്ട് അത് എടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് ആ കഥാപാത്രത്തെ മാത്രം എടുത്തിട്ട് കഥ സങ്കൽപ്പത്തിൽ നിന്ന് ഉണ്ടാക്കി.’കഥ പറയുമ്പോൾ’ എന്ന സിനിമ ഉണ്ടായത് ശരിക്കും ഒരു വെള്ളിടി പോലെ വന്ന് പതിച്ചതാണ്. ശരിക്കും പറഞ്ഞാൽ ശ്രീകൃഷ്ണന്റേയും കുചേലന്റെയും കഥ ഒന്ന് മോഡേണൈസ് ചെയ്‌തതാണ്‌ ‘കഥ പറയുമ്പോൾ’ എന്ന ചിത്രം മനസ്സിൽ സിനിമ ആദ്യമായി വന്നത് എപ്പോഴാണ് ?

ചെറുപ്പത്തിൽ ഒരു ബോധവുമില്ലാത്ത സമയത്ത് ആരോ എടുത്തുകൊണ്ട് സിനിമ കാണിക്കാൻ കൊണ്ട് പോയതായി ഓർമ്മയുണ്ട്. പക്ഷെ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബോധത്തോടെ ആദ്യമായി സിനിമയ്ക്ക് പോയത്. അതിനു മുൻപ് ഞങ്ങളുടെ നാട്ടിൽ നിന്ന് ആരും അങ്ങനെ സിനിമ കാണാനൊന്നും പോയിട്ടില്ല. നാല് കിലോമീറ്റർ ദൂരത്തിലാണ് തിയേറ്റർ ഉള്ളത്. അങ്ങനെ നാല് കിലോമീറ്റർ ഒക്കെ പോയി സിനിമ കാണാൻ ഒന്നും പറ്റാത്ത ആളുകൾ ആയിരുന്നു അന്ന്.അച്ഛന് സിനിമയൊന്നും വലിയ താത്പര്യമില്ലായിരുന്നു. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമേയല്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ആർമിയിൽ ഉള്ള അമ്മാവൻ വീട്ടിൽ വരികയും അച്ഛനോട് അനുവാദം ചോദിച്ച് ഞങ്ങളെ സിനിമയ്ക്ക് കൊണ്ടുപോയി. ഉദയാ സ്റ്റുഡിയോയുടെ ‘ഉമ്മ’ എന്ന സിനിമയായിരുന്നു അത്. പിന്നീടാണ് അത് വലിയ ഒരു ഹിറ്റ് ചിത്രമായിരുന്നു എന്നൊക്കെ അറിയുന്നത്. ആ സിനിമയ്ക്ക് ശേഷമാണ് ഇനിയും ഇത് പോലുള്ള സിനിമകൾ ഒക്കെ കാണണം എന്ന് തോന്നിത്തുടങ്ങുന്നത്. എന്നാൽ ഈ സിനിമയൊക്കെ കാണുമ്പോഴൊന്നും സിനിമയിലേക്ക് വരണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല – മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരൻ തന്റെ ബാല്യവും കൗമാരവും അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks