Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം. കേസിൽ വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ വിചാരണ കാലയളവിൽ മാർട്ടിൻ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്.
വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കം. കേസിൽ താൻ നൽകിയ മൊഴിയിലും ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. ഇതിൽ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു ഗൂഢാലോചന വാദമാണ് മാർട്ടിൻ ഇതിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മറ്റ് പലരുമായും ചേർന്ന് എട്ടാം പ്രതിയും വിചാരണ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. കേസിൽ മാർട്ടിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റർ ചെയ്‌തേക്കും.
























