29 C
Trivandrum
Friday, March 14, 2025

ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കാട്ടാന

Follow the FOURTH PILLAR LIVE channel on WhatsApp 

സുല്‍ത്താന്‍ ബത്തേരി: ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിയ കാട്ടാന മണിക്കൂറുകളോളം നാടിനെ മുള്‍മുനയിലാക്കി. വെള്ളിയാഴ്ച രാവിലെ 8.45ഓടെ ഡിപ്പോ പരിസരത്തെത്തിയ കാട്ടാനയാണ് എട്ടു മണിക്കൂറോളം നാട്ടുകാരെയും വനംവകുപ്പിനെയും വട്ടംചുറ്റിച്ചത്.

ഡിപ്പോയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തുകൂടെ കാട്ടാന കെ.എസ്.ആര്‍.ടി.സി. ബസിനു സമീപത്തെത്തി. ബസുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന മെക്കാനിക്കല്‍ ഭാഗത്തിന് സമീപമെത്തിയപ്പോഴാണ് ജീവനക്കാര്‍ ആനയെ കണ്ടത്. പമ്പില്‍ ഡീസലടിക്കാനായി നിര്‍ത്തിയിട്ട തിരുവനന്തപുരം സ്വിഫ്റ്റ് ബസിന്റെ ഡ്രൈവര്‍ വിനോദാണ് ആനയെ ആദ്യം കണ്ടത്.

ഡിപ്പോയിലെ ബസ്സിലുണ്ടായിരുന്നവരും ബസ് കാത്തുനിന്നവരും ബഹളംവെച്ചതോടെ ആന സമീപത്തെ വനത്തിലേക്ക് കടന്നു. മുക്കാല്‍മണിക്കൂറിനുശേഷം ആന വീണ്ടും ഡിപ്പോ പരിസരത്തെത്തി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും യാത്രക്കാരും വീണ്ടും ബഹളമുണ്ടാക്കിയതോടെ ആന വനത്തിലേക്ക് പ്രവേശിച്ചു. പിന്നീട് ഡിപ്പോയ്ക്കും വേലിക്കെട്ടിനുമിടയിലുള്ള ഭാഗത്തായി ആന നിലയുറപ്പിച്ചു.

വിവരമറിഞ്ഞ് മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ പി.സഞ്ജയ്കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസ്, ആര്‍.ആര്‍.ടി. റെയ്ഞ്ചര്‍ മനോജ്കുമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥന്മാരായ വിനോദ്കുമാര്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളംവരുന്ന സംഘമെത്തി ആനയെ ഉള്‍വനത്തിലേക്ക് തിരിച്ചുവിടാനുള്ള ദൗത്യം തുടങ്ങി. ജനവാസമേഖലയിലേക്കും ഡിപ്പോപരിസരത്തേക്കും ആന തിരികെയെത്താതിരിക്കാന്‍ വനംവകുപ്പ് പ്രതിരോധം തീര്‍ത്തു.

പടക്കംപൊട്ടിച്ചും മറ്റും ആനയെ പഴുപ്പത്തൂര്‍ മണലില്‍ ഭാഗത്തെത്തിച്ചെങ്കിലും ഉള്‍വനത്തിലേക്ക് കടക്കാതെ രണ്ടുമണിക്കൂറോളം വനംവകുപ്പിനെ വീണ്ടും വട്ടംകറക്കിയ ശേഷമാണ് മടങ്ങിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks