29 C
Trivandrum
Friday, March 14, 2025

അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി വർക്കലയിലെ പിടിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഇൻ്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളി വര്‍ക്കലയില്‍ പിടിയിൽ. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയും യു.എസ്. ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനെ(46)യാണ് സിബി.ഐയുടെ ഇൻ്റര്‍നാഷണല്‍ പൊലീസ് കോ-ഓപ്പറേഷന്‍ യൂണിറ്റിൻ്റെ സഹായത്തോടെ കഴിഞ്ഞദിവസം വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി വര്‍ക്കലയിലെത്തിയ ഇയാളെ ഒരു ഹോംസ്‌റ്റേയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ അഭ്യർത്ഥനപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യു.എസിന് കൈമാറും.

ഗാരൻ്റക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിൻ്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്‌സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. അലക്‌സേജിനൊപ്പം ഗാരൻ്റക്‌സിൻ്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. ഇയാള്‍ നിലവില്‍ യു.എ.ഇയിലാണെന്നാണ് വിവരം.

2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരൻ്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒരാഴ്ച മുന്‍പ് ഗാരൻ്റക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൻ്റെ 260 ലക്ഷം ഡോളര്‍ വിലവരുന്ന സ്വത്ത് യു.എസ്. ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ അലക്‌സേജിനെ കേരളത്തില്‍നിന്ന് അറസ്റ്റ്‌ ചെയ്തത്. ആഗോളതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പോരാട്ടത്തിൻ്റെ വലിയ വിജയമായാണ് ഇന്ത്യൻ സഹായത്തോടെയുള്ള അലക്‌സേജിൻ്റെ അറസ്റ്റിനെ യു.എസ്. ഏജന്‍സികള്‍ വിലയിരുത്തുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks