Follow the FOURTH PILLAR LIVE channel on WhatsApp
ഭോപാൽ: പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി മധ്യപ്രദേശ് സർക്കാർ കൊണ്ടുവന്നിരുന്നു.
നിഷ്കളങ്കരായ പെൺമക്കളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരേ കർശന നിലപാടാണ് സർക്കാരിനുള്ളതെന്നും ഈ വിഷയത്തിൽ വധശിക്ഷയ്ക്കുള്ള വ്യവസ്ഥ കൊണ്ടുവന്നുകഴിഞ്ഞുവെന്നും യാദവ് ചൂണ്ടിക്കാട്ടി. ഇതു കൂടാതെ പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമംകൂടി മധ്യപ്രദേശിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമാനുസൃതമല്ലാത്ത മതപരിവർത്തനത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്നും അത്തരം അനാചാരങ്ങളെയും ദുഷ്കൃത്യങ്ങളെയും കർശനമായി നേരിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.