29 C
Trivandrum
Wednesday, March 12, 2025

ചത്ത പച്ച -റിങ് ഓഫ് റൗഡീസ്: ഒരു പാൻ ഇന്ത്യൻ ചിത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ലോക പ്രശസ്തമായ ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എൻ്റർടെയ്നർ ആണ് ചത്ത പച്ച- റിങ് ഓഫ് റൗഡീസ്. സൂപ്പർ താരം മോഹൻലാലിൻ്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്.

പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്. ഈ ചിത്രം നിലവിൽ നിരവധി പ്രധാന വേഷങ്ങൾക്കായി കാസ്റ്റിങ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പൺ കാസ്റ്റിങ് കോൾ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.

സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം 2025 മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.

ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യു.ഡബ്ല്യു.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് ആണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിൻ്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിൻ്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രക്രിയയിൽ മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്.ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഡെഡ് ലൈൻ എന്ന ചിത്രത്തിൻ്റെ വിജയത്തെത്തുടർന്ന് തൻ്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൗക്കത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. മലയാള സിനിമയുടെ കഥപറച്ചിലിൻ്റെ മികവിനെ, ഗുസ്തി വിനോദത്തിൻ്റെ വലിയ ഊർജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് ചത്ത പച്ച- റിങ് ഓഫ് റൗഡീസുമായി എത്തുന്ന അദ്ദേഹത്തിൻ്റെ ലക്‌ഷ്യം.

മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ- കലൈ കിങ്‌സൺ, എഡിറ്റിങ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി, പി.ആർ.ഒ.- വാഴൂർ ജോസ്.

Recent Articles

Related Articles

Special

Enable Notifications OK No thanks