Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനു വേണ്ടി കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്. ആര്യാനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാനാണ് പ്രതിക്കു വേണ്ടി നെടുമങ്ങാട് കോടതിയില്‍ ഹാജരായത്.
സംഭവം പാര്‍ട്ടിക്കുള്ളില്‍ തന്നെ ചൂടുള്ള ചര്‍ച്ചയായി. ഉവൈസ് ഖാൻ പാര്‍ട്ടിക്ക് തീരാകളങ്കമായെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉവൈസ് ഖാനെതിരെ ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്തലവി കായ്പാടി കെ.പി.സി.സി. പ്രസിഡന്‍റിനു കത്ത് നല്‍കി.
പൊതുപ്രവര്‍ത്തകനുള്ള ജാഗ്രതാ കാണിക്കാത്തതില്‍ ഉവൈസ് ഖാനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.
അഫാനു അഭിഭാഷകനില്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നാണു കഴിഞ്ഞ ദിവസം ഉവൈസ് ഖാന്‍ വിശദീകരണം നല്‍കിയത്. അഭിഭാഷകരില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നല്‍കാറുണ്ട്.