29 C
Trivandrum
Wednesday, March 12, 2025

സിനിമാ സമരത്തിൽ സർക്കാർ ഇടപെടൽ; സൂചനാ സമരം പിൻവലിച്ച് ഫിലിം ചേംബർ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സിനിമാ സമരത്തിൽ സർക്കാർ ഇടപെടൽ. ജി.എസ്.ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമ്മാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സിനിമാ സൂചനാ സമരം കേരള ഫിലിം ചേംബർ ഒഴിവാക്കി. അതേ സമയം ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമില്ലെന്നും ഫിലിം ചേംബർ പ്രസിഡൻ്റ് ബി.ആര്‍.ജേക്കബ് വ്യക്തമാക്കി.

മാർച്ച് 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫിലിം ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക. ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമുണ്ടാകിനിടിയില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. സിനിമ സമരം പ്രഖ്യാപിച്ചപ്പോൾ വാർത്ത അറിഞ്ഞ മന്ത്രി ചേംബർ ഭാരവാഹികളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സിനിമാ സമരം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ മാസം 25ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിയെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയത്.

നിർമ്മാതാക്കളുടെ സംഘടനയും ആൻ്റണി പെരുമ്പാവൂരുമായുള്ള പ്രശ്നം പരിഹരിച്ചുവെന്നും ചേംബർ ഭാരവാഹികൾ പറഞ്ഞു. ആൻ്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചതോടെ പ്രശ്നങ്ങളില്ലായെന്നാണ് അവർ പ്രതികരിച്ചത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തിൽ എ.എം.എം.എയും നിർമാതാക്കളുടെ സംഘടനയും തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. അതിൽ തീരുമാനമായില്ലെങ്കിൽ മാത്രം ഫിലിം ചേംബർ ഇടപെടൽ നടത്തുമെന്ന് അവർ അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks