Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിൻ്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനത്ത് എത്തിയതായി അദ്ദേഹം അറിയിച്ചു.
ട്രയൽ റൺ തുടങ്ങി 8 മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി 3 മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78,833 ടി.ഇ.യു. ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്.
ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. കേരളത്തിൻ്റെ വികസനത്തിൽ തുറമുഖത്തിൻ്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.