Follow the FOURTH PILLAR LIVE channel on WhatsApp
റാവൽപിണ്ടി;ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ യിലെ നിർണായകമത്സരത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ്. അതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും സെമിയില്‍ പ്രവേശിച്ചു. ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാർ കൂടിയായ ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 237 റണ്‍സ് വിജയലക്ഷ്യമാണ് കിവീസിനു മുന്നിൽ വെച്ചത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 46.1 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്രയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന്റെ തുടക്കം നന്നായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ വില്‍ യംഗ് (0), കെയ്ന്‍ വില്യംസണ്‍ (5) എന്നിവരുടെ വിക്കറ്റുകൾ കിവീസിന് നഷ്ടമായി. പിന്നീട് ഡെവണ്‍ കോണ്‍വെ – രവീന്ദ്ര സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 16ാം ഓവറില്‍ കോണ്‍വെയെ ബൗള്‍ഡാക്കി മുസ്തഫിസുര്‍ ബംഗ്ലാദേശിന് ബ്രേക്ക് നല്‍കി. എങ്കിലും ജയിക്കാന്‍ വേണ്ട കൂട്ടുകെട്ട് രവീന്ദ്ര – ടോം ലാതം (55) സഖ്യം തന്നെ പടുത്തുയര്‍ത്തി. 39ാം ഓവറില്‍ രവീന്ദ്ര മടങ്ങി. 105 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 12 ഫോറുമടക്കം 112 റൺസ് നേടി. പിന്നാലെ ലാതവും പവലിയനില്‍ തിരിച്ചെത്തി. എങ്കിലും അഭേദ്യമായ ആറാം വിക്കറ്റിൽ ഗ്ലെന്‍ ഫിലിപ്‌സ് (21) – മൈക്കല്‍ ബ്രേസ്‌വെല്‍ (11) സഖ്യം കിവീസിനെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണെടുത്തത്. ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ തന്‍സിദ് ഹസന്‍ (24) -നജ്മുള്‍ ഹൊസൈന്‍ ഷാന്റോ സഖ്യം 45 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മെഹ്ദി ഹസന്‍(13), ഇന്ത്യക്കെതിരായ മത്സരത്തിലെ സെഞ്ച്വറി വീരൻ തൗഹിദ് ഹൃദോയ്(7), മുഷ്ഫിഖര്‍ റഹിം(2), മഹ്‌മുദുള്ള(4) എന്നിവര്‍ വേഗം കൂടാരം കയറി. ഇതോടെ 5ന് 118 എന്ന നിലയിലായി ബംഗ്ലാദേശ്.
നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ടീമിനായി തിളങ്ങിയത്. മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും ഷാന്റോ ക്രീസില്‍ നിലയുറപ്പിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. 110 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ ജേക്കര്‍ അലി (45), റിഷാദ് ഹൊസ്സൈന്‍(26) എന്നവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് 236 റണ്‍സിന് അവസാനിച്ചു. ന്യൂസീലന്‍ഡിനായി ബ്രേസ്‌വെല്‍ 4 വിക്കറ്റെടുത്തപ്പോള്‍ വില്ല്യം ഒറൗര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി.