6 മാസത്തിനകം കാവിയിലേക്ക് തുറന്ന ഭരണവാതിലുകൾ

Follow the FOURTH PILLAR LIVE channel on WhatsApp 

2026 മേയ് 18ന് വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇപ്പോൾ 6 മാസം പിന്നിട്ടിരിക്കുന്നു. ഒരു സർക്കാരിന്റെ 6 മാസം സാധാരണയായി അതിന്റെ നയദിശ വ്യക്തമാകുന്ന കാലമാണ്. സതീശൻ സർക്കാരിന്റെ കാര്യത്തിൽ ആ ദിശ പരിശോധിക്കുമ്പോൾ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു രാഷ്ട്രീയ ചിത്രം തുടർച്ചയായി തെളിഞ്ഞുവരുന്നു. പൊതുവിദ്യാഭ്യാസം മുതൽ സർവകലാശാലവരെ, ഭവനപദ്ധതി മുതൽ ഭരണഘടനാ സ്ഥാപനങ്ങളിലെ നിയമനംവരെ, ലോക്ഭവൻ മുതൽ സ്കൂൾ ക്ലാസ് മുറിവരെ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം കിട്ടുന്ന സംഭവങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി അരങ്ങേറി. ഓരോ സംഭവവും പിടികൂടപ്പെട്ടപ്പോൾ ഓരോ വിശദീകരണം; പ്രതിഷേധം ശക്തമായപ്പോൾ ചില പിൻവാങ്ങലുകൾ. എന്നാൽ 6 മാസത്തെ മുഴുവൻ ചിത്രം ഒരുമിച്ചുവായിക്കുമ്പോൾ ചോദ്യം ഒഴിവാക്കാനാകില്ല: വിപക്ഷത്തിരുന്നപ്പോൾ സംഘപരിവാർ അജണ്ടയെന്ന് വിളിച്ച കാര്യങ്ങളോട് അധികാരത്തിലെത്തിയപ്പോൾ എന്തുകൊണ്ടാണ് യു.ഡി.എഫിന്റെ പ്രതിരോധം ഇത്ര വേഗം മൃദുവായത്?

പിഎം ശ്രീ: അധികാരത്തിലെത്തിയപ്പോൾ മറന്ന എതിർപ്പ്

ഇതിന്റെ ഏറ്റവും തെളിഞ്ഞ ഉദാഹരണമാണ് പിഎം ശ്രീ പദ്ധതി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയെ വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനുള്ള വഴിയെന്ന് കേരളത്തിലെ കോൺഗ്രസും ലീഗുമടങ്ങുന്ന യു.ഡി.എഫ്. നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ അധികാരം ലഭിച്ച് ഒരു മാസം പിന്നിടുംമുമ്പ് സതീശൻ സർക്കാർ പദ്ധതി നടപ്പാക്കാൻ തയ്യാറായി. കേരളത്തിന്റെ പാഠ്യപദ്ധതിയിൽ കേന്ദ്രം ഇടപെടില്ല, സ്കൂളുകളുടെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിനായിരിക്കും തുടങ്ങിയ വ്യവസ്ഥകൾ പറഞ്ഞാണ് തീരുമാനം പൊതിഞ്ഞത്. പക്ഷേ രാഷ്ട്രീയ ചോദ്യം അതല്ല. വിപക്ഷത്തിരുന്നപ്പോൾ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ആശയരാഷ്ട്രീയം കണ്ട യു.ഡി.എഫിന് ഭരണത്തിലെത്തിയപ്പോൾ അത് കാണാതായത് എങ്ങനെ? കേന്ദ്രവിഹിതം കിട്ടണമെങ്കിൽ സംഘപരിവാർ സർക്കാരിന്റെ വിദ്യാഭ്യാസപദ്ധതിയുമായി കൈകോർക്കേണ്ടിവരുമെന്ന വാദത്തിലേക്കാണ് ഒരിക്കൽ അതിനെ എതിർത്തവർ എത്തിയത്.

പണം നൽകുന്നവൻ പാഠശാലയുടെ ആശയദിശയും നിശ്ചയിക്കട്ടെയെന്ന കേന്ദ്രനയത്തിനെതിരെ കേരളം ഉയർത്തിയിരുന്ന രാഷ്ട്രീയ പ്രതിരോധത്തിന്റെ കരുത്താണ് ഇവിടെ ദുർബലമായത്. സംഘപരിവാർ വിദ്യാഭ്യാസത്തെ കേവലം വിജ്ഞാനവിനിമയത്തിന്റെ മേഖലയായി കാണുന്നില്ല; ചരിത്രവും സംസ്കാരവും ദേശീയതയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഇടമായാണ് അവർ അതിനെ കാണുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് പിഎം ശ്രീയോടുള്ള യു.ഡി.എഫിന്റെ ഈ ചുവടുമാറ്റത്തിന്റെ രാഷ്ട്രീയ ഗൗരവം.

സത്യപ്രതിജ്ഞാവേദിയിൽ തുടങ്ങിയ ലോക്ഭവൻ പരീക്ഷണം

സതീശൻ സർക്കാർ അധികാരമേറ്റ ആദ്യദിവസംതന്നെ ഒരു സൂചന കേരളത്തിന് ലഭിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ വന്ദേമാതരത്തോടെ ആരംഭിച്ചു. പിന്നീട് മുഖ്യമന്ത്രി പറഞ്ഞത് പൂർണരൂപം ആലപിക്കുമെന്ന് സർക്കാരിന് അറിയില്ലായിരുന്നുവെന്നും നിർദേശം ലോക്ഭവനിൽനിന്നായിരുന്നുവെന്നുമാണ്. എന്നാൽ ഒരു പുതിയ സർക്കാർ അധികാരമേൽക്കുന്ന വേദിയിൽ എന്ത് പ്രോട്ടോകോൾ നടപ്പാകുന്നു എന്നുപോലും സർക്കാരിന് അറിയാത്ത സ്ഥിതിയാണ് ആ വിശദീകരണം തുറന്നുകാട്ടിയത്.

പിന്നീട് നിയമസഭയിലെ നയപ്രഖ്യാപന വേളയിൽ ലോക്ഭവൻ പൂർണ വന്ദേമാതരം ആവശ്യപ്പെട്ടെങ്കിലും കേരളം ആദ്യഭാഗം മാത്രമാണ് ഉപയോഗിച്ചത്; ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെ എൽ.ഡി.എഫ്. പിന്തുണയ്ക്കുകയും ചെയ്തു. എങ്കിലും തുടർന്നുള്ള മാസങ്ങളിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന സംസ്ഥാന ചടങ്ങുകളിൽ കേന്ദ്രത്തിന്റെ പൂർണരൂപ പ്രോട്ടോകോൾ അംഗീകരിക്കുമെന്ന് സതീശൻ സർക്കാർ പ്രഖ്യാപിച്ചു. ലോക്ഭവന്റെ ഓരോ നീക്കത്തിനുമുന്നിലും കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയപാരമ്പര്യം എത്രത്തോളം ഉറച്ചുനിൽക്കും എന്ന ചോദ്യം ആദ്യദിവസംതന്നെ ആരംഭിച്ചതാണ്.

ലൈഫ് വീടുകളുടെ ചുമരിലും കേന്ദ്രത്തിന്റെ മുദ്ര

കേരളത്തിന്റെ സാമൂഹികക്ഷേമ ചരിത്രത്തിലെ ഏറ്റവും ജനകീയ പദ്ധതികളിലൊന്നായ ലൈഫ് മിഷനിലും മാറ്റം വന്നു. പി.എം.എ.വൈ. അർബൻ 2.0 നടപ്പാക്കുന്നതിനുള്ള കേന്ദ്ര ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനും വീടുകളിൽ പി.എം.എ.വൈ. ലോഗോ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനും ഓഗസ്റ്റ് 13ന് സതീശൻ മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കില്ലെങ്കിലും കേന്ദ്രം ആവശ്യപ്പെട്ട ലോഗോ പതിക്കുമെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞു. ഏകദേശം 450 കോടി രൂപ കേന്ദ്രസഹായം ലഭിക്കാനാണ് ധാരണയെന്നായിരുന്നു വിശദീകരണം.

മുൻ എൽ.ഡി.എഫ്. സർക്കാർ ഈ വ്യവസ്ഥയെ എതിർത്തിരുന്നത് പണം വേണ്ടാത്തതുകൊണ്ടല്ല; വീട് ലഭിക്കുന്ന ദരിദ്രന്റെ ചുമരിൽ രാഷ്ട്രീയ ഉടമസ്ഥതയുടെ മുദ്ര പതിപ്പിക്കരുതെന്ന നിലപാടിലായിരുന്നു. പുതിയ സർക്കാർ ആ രാഷ്ട്രീയ നിലപാടിനെയാണ് ആദ്യം ഉപേക്ഷിച്ചത്. വീട് പണിയാൻ ജനങ്ങളുടെ നികുതിപ്പണം നൽകുന്ന കേന്ദ്രസർക്കാരിന് അതിന്റെ പാർട്ടിരാഷ്ട്രീയ മുദ്ര ദരിദ്രന്റെ വീട്ടിൽ പതിക്കാനുള്ള അവകാശമുണ്ടോ എന്ന അടിസ്ഥാനചോദ്യത്തിന് മുന്നിൽ സതീശൻ സർക്കാരിന്റെ മറുപടി ഒടുവിൽ “ലോഗോ വെയ്ക്കാം” എന്നതായിരുന്നു. അവകാശമായി ലഭിക്കേണ്ട കേന്ദ്രവിഹിതത്തെ ഔദാര്യമാക്കി അവതരിപ്പിക്കുന്ന രാഷ്ട്രീയത്തിന് കേരളം തന്നെ വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷണർ: എതിർപ്പുകൾ മറികടന്ന നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിച്ചതോടെ വിഷയം കൂടുതൽ ഗുരുതരമായി. സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നു; അതും പ്രതിപക്ഷത്തിൽനിന്നു മാത്രം ആയിരുന്നില്ല. ഭരണകക്ഷി മുന്നണിക്കുള്ളിൽ നിന്നുതന്നെ നിയമനത്തിനെതിരെ പ്രതിഷേധം ഉയർന്നു. എന്നിട്ടും സതീശൻ മന്ത്രിസഭയുടെ ശുപാർശ മാറ്റിയില്ല. ഗവർണർ അംഗീകരിച്ചശേഷം 2026 ജൂലൈ 7ന് ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു.

ആരോപണം മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്ര നടത്തിപ്പിന് ഉത്തരവാദിയായ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തേക്കുള്ള നിയമനത്തിൽ സ്വന്തം മുന്നണിക്കുള്ളിൽത്തന്നെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് ആശങ്ക ഉയർന്നിട്ടും അതിനെ അവഗണിച്ച് മുന്നോട്ടുപോയത് ചെറിയ കാര്യമല്ല. സംഘപരിവാറിനെ എതിർക്കുന്നത് പ്രസംഗവേദിയിൽ മാത്രം മതിയെങ്കിൽ വേറെയൊരു പ്രശ്നവുമില്ല; ഭരണഘടനാ സ്ഥാപനങ്ങളുടെ താക്കോൽ ആരുടെ കൈകളിലേക്കാണ് പോകുന്നത് എന്ന ഘട്ടത്തിലാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ യഥാർത്ഥ പരീക്ഷ.

സർവകലാശാലകളിലേക്ക് കാവി കടന്നപ്പോൾ

ഉന്നതവിദ്യാഭ്യാസ രംഗത്താണ് ഈ 6 മാസത്തിന്റെ ഏറ്റവും ഗൗരവമുള്ള ചിത്രങ്ങൾ കണ്ടത്. ഗവർണർ രാജേന്ദ്ര ആർലേക്കർ എം.ജി. സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലറായി ഡി.മാവൂതിനെ നിയമിച്ചു. അധികം വൈകാതെ മാവൂത് ഉൾപ്പെടെ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത സംഘത്തിന്റെ ശതാബ്ദി പരിപാടിയുടെ മുൻനിരയിൽ പ്രത്യക്ഷപ്പെട്ടു. കേരള ആരോഗ്യ സർവകലാശാലാ വി.സി. ഡോ.മോഹനൻ കുന്നുമ്മൽ, എം.ജി. വി.സി. ഡി.മാവൂത്, മലയാള സർവകലാശാലാ ചുമതലക്കാരൻ സി.ആർ.പ്രസാദ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അതിനെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാൻ ആർ.എസ്.എസ്. നടത്തുന്ന നീക്കത്തിന്റെ ഉദാഹരണമായി വിശേഷിപ്പിച്ചു.

സർക്കാർ പ്രതിഷേധിച്ചു; മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പക്ഷേ പ്രതിഷേധ പ്രസ്താവനയ്ക്കപ്പുറം കേരളം നേരിടുന്ന പ്രശ്നം കൂടുതൽ ആഴത്തിലാണ്. സർവകലാശാലകളുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് ആർ.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെ വേദിയിൽ രാഷ്ട്രീയമായ പരസ്യസാന്നിധ്യം പ്രകടിപ്പിക്കാൻ കഴിയുന്ന അവസ്ഥ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? വൈസ് ചാൻസലർ നിയമനങ്ങളിലും സർവകലാശാലാ ഭരണത്തിലും ഗവർണർക്ക് ലഭിച്ച മേൽക്കൈയ്ക്കെതിരെ രാഷ്ട്രീയവും നിയമപരവുമായ കരുത്തുറ്റ പ്രതിരോധം വേണമെന്ന എൽ.ഡി.എഫിന്റെ മുന്നറിയിപ്പിന്റെ പ്രസക്തിയാണ് ഇത്തരം സംഭവങ്ങൾ തെളിയിച്ചത്.

കാർഷിക സർവകലാശാലയിൽ ഡോ.ടി.സജിത റാണിയെ ഇടക്കാല വിസിയായി നിയമിച്ചപ്പോഴും സർക്കാർ നിർദേശിച്ച പേര് ലോക്ഭവൻ തള്ളിയതായാണ് റിപ്പോർട്ടുകൾ. അന്ന് കൃഷി മന്ത്രി ടി.സിദ്ദിഖിന്റെ പ്രതികരണം ലോക്ഭവൻ സർക്കാരിൽനിന്ന് വ്യത്യസ്ത സമീപനം സ്വീകരിച്ചുവെന്നും “വിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല” എന്നുമായിരുന്നു. സർവകലാശാലകളുടെ ആശയസ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ “വിവാദത്തിലേക്ക് പോകേണ്ട” രാഷ്ട്രീയമാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്.

കാലടിയിൽ സിസയ്ക്ക് കുടപിടിച്ച് റോജി

സതീശൻ സർക്കാരിന്റെ സംഘപരിവാർ പ്രീണനത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കാണുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ച, ആർ.എസ്.എസ്. നോമിനിയെന്ന ശക്തമായ വിമർശം നേരിടുന്ന താൽക്കാലിക വൈസ് ചാൻസലർ സിസ തോമസിന്റെ വിദ്യാർഥിവിരുദ്ധ നടപടികൾക്ക് പ്രതിരോധം തീർക്കേണ്ട ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ മറിച്ച് കുടപിടിക്കുന്ന കാഴ്ചയാണ് മാസങ്ങളായി കേരളം കാണുന്നത്. കുടിവെള്ളക്ഷാമം, അധ്യാപക ഒഴിവുകൾ, ഹോസ്റ്റൽ നിയന്ത്രണങ്ങൾ, തിയേറ്റർ വിഭാഗത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി 18 ആവശ്യങ്ങൾ ഉയർത്തിയാണ് ജൂലൈ 22ന് വിദ്യാർഥികൾ സമരം ആരംഭിച്ചത്. പ്രവർത്തിക്കാത്ത സ്റ്റേജ് ലൈറ്റുകളെ പരിഹസിച്ച് തിയേറ്റർ വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകത്തിലെ പ്രതീകാത്മക ‘മരണം’ തന്റെ ശവസംസ്കാരമാണെന്ന് വ്യാഖ്യാനിച്ചാണ് സിസ തോമസ് വിഷയം ഏറ്റെടുത്തത്. വി.സിയെ ആക്രമിച്ചെന്നും വാഹനം തടഞ്ഞെന്നും സർവകലാശാല ആരോപിച്ചപ്പോൾ വിദ്യാർഥികൾ അത് നിഷേധിച്ചു; നാടകം ‘മരിച്ച വെളിച്ചത്തെ’ക്കുറിച്ചായിരുന്നുവെന്നാണ് അവർ തുടർച്ചയായി വ്യക്തമാക്കിയത്.

പിന്നീടുണ്ടായത് അച്ചടക്കനടപടിയെന്ന പേരിലുള്ള വിദ്യാർഥികളുടെ അക്കാദമിക ഭാവിയെ തന്നെ പണയപ്പെടുത്തിയ വേട്ടയായിരുന്നു. ഓഗസ്റ്റ് 13ലെ സംഭവങ്ങളുടെ പേരിൽ 16 വിദ്യാർഥികളെ സെപ്റ്റംബർ 1ന് സസ്‌പെൻഡ് ചെയ്തു. ക്യാമ്പസിൽ പ്രവേശിക്കാനാകാതെ പഠനവും ഹാജറും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷാഫീസ് അടച്ച് സെമസ്റ്റർ പരീക്ഷയെഴുതാനുള്ള അവസരംപോലും നിഷേധിക്കപ്പെട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ ഇടക്കാല അനുമതി നൽകിയപ്പോൾ വിദ്യാർഥികളുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനുപകരം സിസ തോമസിന്റെ നേതൃത്വത്തിലുള്ള സർവകലാശാല ആ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ പോയി. ഡിവിഷൻ ബെഞ്ച് ഹാജർ ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല അനുമതി റദ്ദാക്കിയതോടെ വിദ്യാർഥികൾക്ക് സുപ്രീം കോടതിവരെ പോകേണ്ടിവന്നു. സുപ്രീം കോടതി വിഷയം വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് അയയ്ക്കുകയും വിദ്യാർഥികൾക്ക് അനുകൂല വിധിയുണ്ടായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന സർവകലാശാലയുടെ ഉറപ്പ് രേഖപ്പെടുത്തുകയും ചെയ്തു. സ്വന്തം വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കോടതിയിൽനിന്ന് ലഭിച്ച അവസരം പോലും തടയാൻ ഒരു സർവകലാശാല ഇത്ര ആവേശത്തോടെ നിയമയുദ്ധം നടത്തുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിൽ അപൂർവമായ കാഴ്ചയാണ്.

അവിടെയും പ്രതികാരത്തിന്റെ ദാഹം തീർന്നില്ല. 2 മാസത്തിലേറെ പുറത്തുനിർത്തിയശേഷം 16 പേരിൽ 12 പേരെ തിരിച്ചെടുക്കാൻ ‘മാപ്പെഴുതി നൽകണം’ എന്ന അപമാനകരമായ ഉപാധി സിൻഡിക്കറ്റ് മുന്നോട്ടുവച്ചു; 4 പേരുടെ സസ്‌പെൻഷൻ 2 മാസംകൂടി നീട്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ വിദ്യാർഥികൾ മാപ്പപേക്ഷ നിരസിച്ചു. ഈ കടുംപിടിത്തം ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടു. “വിദ്യാർഥികൾ ഗാന്ധിജിയുടെ കാലംമുതൽ പ്രതിഷേധിക്കുന്നില്ലേ?” എന്ന് കോടതി ചോദിക്കേണ്ടിവന്ന സാഹചര്യം വരെ ഉണ്ടായി; സർവകലാശാലയുടെ നീണ്ടുനിൽക്കുന്ന ശിക്ഷാനടപടിയെക്കുറിച്ചും കോടതി ചോദ്യങ്ങൾ ഉയർത്തി. നവംബർ 18ന് വാദം പൂർത്തിയായ കേസിൽ വിധി നവംബർ 23ന് പ്രഖ്യാപിക്കാനിരിക്കുകയാണ്.

എന്നാൽ ഇവിടെ ഏറ്റവും വലിയ രാഷ്ട്രീയ അപചയം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ സ്വീകരിച്ച നിലപാടാണ്. വിദ്യാർഥികളുടെ പരാതി കേട്ട് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട മന്ത്രി സിസ തോമസിന്റെ ഭാഷ ഏറ്റെടുത്തു. കാലടിയിലെ പ്രതിഷേധത്തെ ‘അപരിഷ്കൃതവും അക്രമപരവുമായ സമരം’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. വിദ്യാർഥികളുടെ നാടകത്തെ വി.സിയുടെ ശവമഞ്ചമെന്ന വ്യാഖ്യാനത്തോടൊപ്പം നിൽക്കുകയും ആക്രമണാരോപണങ്ങൾ ആവർത്തിക്കുകയും ചെയ്തു. മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിൽ കാലടിയിലെ സഹപാഠികൾക്കുവേണ്ടി വിദ്യാർഥികൾ മന്ത്രിയോട് നേരിട്ട് ചോദിച്ചത് വളരെ ലളിതമായ കാര്യമായിരുന്നു — നാടകം അവതരിപ്പിച്ചുള്ള പ്രതിഷേധത്തിൽ എവിടെയാണ് അക്രമം? എന്തിനാണ് വിദ്യാർഥികളെ ‘അപരിഷ്കൃതർ’ എന്നു വിളിച്ചത്? ഒരു വിദ്യാർഥിനി ചോദ്യം ഉന്നയിക്കുമ്പോൾ മൈക്ക് ഓഫാക്കി. വനിതാ പൊലീസ് അവരെ മാറ്റാൻ ശ്രമിച്ചു. മന്ത്രി തന്റെ നിലപാട് തിരുത്തുന്നതിനുപകരം കാലടിയിലേത് അക്രമസമരമാണെന്ന് ആവർത്തിച്ച് വേദി വിട്ടു. പിന്നാലെ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനെയും വൈസ് ചെയർപേഴ്സനെയും കോളേജ് കൗൺസിൽ സസ്‌പെൻഡ് ചെയ്തു. കാലടിയിൽ സിസ തോമസിനെ ചോദ്യം ചെയ്താൽ സസ്‌പെൻഷൻ; മഹാരാജാസിൽ മന്ത്രിയെ ചോദ്യം ചെയ്താലും സസ്‌പെൻഷൻ — യു.ഡി.എഫ്. ഭരണത്തിലെ ക്യാമ്പസ് ജനാധിപത്യത്തിന്റെ പുതിയ നിർവചനം ഇതാണോ എന്ന ചോദ്യം അതുകൊണ്ടാണ് ഉയരുന്നത്.

സിസ തോമസിനെ നിയമിച്ചത് യു.ഡി.എഫ്. മന്ത്രിസഭയല്ല; ഗവർണറാണ്. എന്നാൽ അതുകൊണ്ട് സതീശൻ സർക്കാരിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. സംഘപരിവാർ നോമിനിയെന്ന വിമർശം നേരിടുന്ന ഒരു വി.സി. വിദ്യാർഥികളുമായി തുറന്ന യുദ്ധത്തിലേർപ്പെടുമ്പോൾ അവർക്കെതിരെ ഭരണകൂടത്തിന്റെ ശക്തികൂടി ചേർത്തുനിർത്തുന്നതാണ് പ്രശ്നം. വിദ്യാർഥികളുമായി ചർച്ച നടത്തി കുടിവെള്ളം, അധ്യാപക ഒഴിവുകൾ, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ യഥാർഥ ആവശ്യങ്ങൾ പരിഹരിക്കേണ്ട മന്ത്രി സമരരീതിയെ അധിക്ഷേപിക്കുകയും വി.സിയുടെ ശിക്ഷാനടപടികളെ ന്യായീകരിക്കുകയും ചെയ്യുന്നിടത്താണ് യു.ഡി.എഫ്.–സംഘപരിവാർ രാഷ്ട്രീയ സാമീപ്യത്തിന്റെ യഥാർഥ മുഖം തെളിയുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതുപോലെ, വിദ്യാർഥികളുടെ സർഗാത്മക പ്രതിഷേധത്തെ അക്രമമായി ചിത്രീകരിച്ച് സിസ തോമസിന് രാഷ്ട്രീയ കവചമൊരുക്കുന്നത് യാദൃച്ഛികമായ ഭരണപരമായ നിലപാടല്ല; കേരളത്തിന്റെ പുരോഗമന ക്യാമ്പസുകളിൽനിന്ന് ഉയരുന്ന ഇടതുപക്ഷ വിദ്യാർഥി ശബ്ദത്തെ അടിച്ചമർത്താനുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അതിനെ വായിക്കേണ്ടത്.

കാലടിയിലെ വിദ്യാർഥിസമരം ഇപ്പോൾ ഒരു സർവകലാശാലയിലെ 16 പേരുടെ മാത്രം പ്രശ്നമല്ല. നവംബർ 21 ആയപ്പോഴേക്കും സമരം 116 ദിവസം പിന്നിട്ടു; നിരാഹാരസമരം 21ാം ദിവസത്തിലേക്ക് കടന്നു. എന്നിട്ടും പ്രശ്നപരിഹാരത്തിനുള്ള രാഷ്ട്രീയ ഇടപെടലിനു പകരം വിദ്യാർഥികളെ മുട്ടുകുത്തിക്കാനുള്ള പിടിവാശിയാണ് തുടരുന്നത്. സംഘപരിവാറിനെ എതിർക്കുമെന്ന് പ്രസംഗിക്കുന്നവർ സംഘപരിവാർ അനുകൂലമെന്ന് വിമർശിക്കപ്പെടുന്ന ഒരു വി.സിയുടെ പ്രതികാരനടപടികൾക്ക് കാവൽനിൽക്കുകയും, അവരെ ചോദ്യം ചെയ്യുന്ന വിദ്യാർഥികളെ അച്ചടക്കത്തിന്റെ വടികാട്ടി നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മതനിരപേക്ഷതയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്. കാലടിയിൽ ഇന്ന് പരീക്ഷിക്കപ്പെടുന്നത് 16 വിദ്യാർഥികളുടെ ക്ഷമയല്ല; സതീശൻ സർക്കാരിന്റെ രാഷ്ട്രീയ സത്യസന്ധത തന്നെയാണ്.

സവർക്കർ സ്കൂൾ ക്വിസിലേക്ക് എത്തിയത് എങ്ങനെ?

കാസറഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ‘ഫ്രീഡം ക്വിസ്’ മറ്റൊരു മുന്നറിയിപ്പായി. “ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര്?” എന്ന ചോദ്യത്തിന് വി.ഡി.സവർക്കർ എന്നാണ് ഉത്തരസൂചികയിൽ നൽകിയിരുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ പ്രാദേശിക സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സംവിധാനത്തിലൂടെയാണ് ചോദ്യാവലി സ്കൂളുകളിലെത്തിയത്. പ്രതിഷേധത്തെ തുടർന്ന് നേതൃത്വം നൽകിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

ഇവിടെ പ്രശ്നം ഒരു അധ്യാപകന്റെ ചോദ്യത്തിൽ ഒതുങ്ങുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ സംഘപരിവാർ നിരന്തരം പുനർനിർമിക്കാൻ ശ്രമിക്കുന്ന കാലത്ത് സവർക്കറെ മഹത്വവൽക്കരിക്കുന്ന ആശയം സർക്കാർ വിദ്യാഭ്യാസസംവിധാനത്തിന്റെ ഔദ്യോഗിക ശൃംഖല ഉപയോഗിച്ച് കുട്ടികളുടെ പരീക്ഷാപ്പേപ്പറിലേക്ക് കടത്താൻ കഴിഞ്ഞു എന്നതാണ് ഭീതിജനകം. പിടിക്കപ്പെട്ടശേഷം സസ്‌പെൻഷൻ നൽകുന്നത് ഭരണനടപടിയാണ്; അത് ക്ലാസ് മുറിവരെ എത്തുന്നതിനു മുമ്പ് തടയാൻ കഴിയാത്തത് രാഷ്ട്രീയ ജാഗ്രതയുടെ പരാജയമാണ്.

‘മയിൽപ്പീലി’: സ്കൂൾവാതിൽ സംഘപരിവാറിന് തുറന്നുകൊടുത്തത് ആര്?

ഇതിനു പിന്നാലെയാണ് ‘മയിൽപ്പീലി യങ് സ്കോളർ പരീക്ഷ’. സംഘപരിവാർ ബന്ധമുള്ള നാഷണൽ ടീച്ചേഴ്സ് യൂണിയന് ബാലഗോകുലത്തിന്റെ ‘മയിൽപ്പീലി’ പ്രസിദ്ധീകരണവുമായി ചേർന്ന് സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട പരീക്ഷയ്ക്ക് ഒക്ടോബർ 12നാണ് അനുമതി ലഭിച്ചത്. സംഭവം പുറത്തുവന്നതോടെ എസ്.എഫ്.ഐ. ഉൾപ്പെടെ ശക്തമായ പ്രതിഷേധമുയർത്തി. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ ഇടപെട്ടതിനെ തുടർന്ന് നവംബർ 15ന് അനുമതി പിൻവലിച്ചു; അനുമതി തന്റെ അറിവില്ലാതെയാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മന്ത്രിയുടെ അറിവില്ലാതെ സംഘപരിവാർ അധ്യാപകസംഘടനയ്ക്ക് കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി കിട്ടുന്നുവെങ്കിൽ അതിനെ എങ്ങനെ ചെറിയ ഉദ്യോഗസ്ഥവീഴ്ചയായി മാത്രം കാണാം? ഭരണകൂടത്തിന്റെ വാതിലുകൾ എവിടെവരെ തുറന്നുകിടക്കുന്നു എന്നതിന്റെ തെളിവാണത്. അനുമതി പിൻവലിച്ചശേഷം ഹൈക്കോടതി നവംബർ 22ലെ ജില്ലാ പരീക്ഷ നടത്താൻ ഇടക്കാല അനുമതി നൽകിയെങ്കിലും ഫലം പ്രസിദ്ധീകരിക്കരുതെന്നും തുടർപരീക്ഷകൾ നടത്തരുതെന്നും നിർദേശിച്ചു. കോടതിയിൽ സംസ്ഥാന സർക്കാർ തന്നെ ആദ്യ അനുമതി “തെറ്റായി” നൽകിയതാണെന്ന് അറിയിച്ചു. തെറ്റ് ഇത്ര വലുതാകുമ്പോൾ “ആരറിയാതെ ഒപ്പിട്ടു?” എന്നതിലുപരി “ഇത്തരം അനുമതികൾ സാധ്യമാകുന്ന രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ രൂപപ്പെട്ടു?” എന്നതാണ് ചോദിക്കേണ്ടത്.

പി.എസ്.സി.: ആദ്യം മൗനം, പിന്നീട് പ്രതിഷേധം

സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾ മുമ്പ് ഗവർണർ രാജേന്ദ്ര ആർലേക്കർ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നീക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത് കേരളത്തിന്റെ ഭരണഘടനാ ചരിത്രത്തിലെ അസാധാരണ നീക്കമായിരുന്നു. ഒക്ടോബർ 15നാണ് കത്ത് അയച്ചത്. ആർലേക്കർ ഒക്ടോബർ 23ന് സ്ഥാനമൊഴിഞ്ഞു. വാർത്ത പുറത്തുവന്ന ആദ്യഘട്ടത്തിൽ സർക്കാർ എതിർപ്പ് ഉയർത്തിയില്ലെന്ന റിപ്പോർട്ടും പുറത്തുവന്നു; അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ വിഷയം ഉയർത്താൻ ശ്രമിച്ചു.

പിന്നീട് നവംബർ 4ന് സതീശൻ ആർലേക്കറുടെ നടപടി വിമർശിച്ചു; സർക്കാരുമായി ആലോചിക്കാതെ ഗവർണർ അത്തരമൊരു ശുപാർശ നൽകാൻ പാടില്ലെന്നും പറഞ്ഞു. എന്നാൽ ഗവർണറുടെ അസാധാരണ നീക്കം പുറത്തറിഞ്ഞശേഷമാണ് ശക്തമായ എതിർപ്പ് വന്നതെന്ന രാഷ്ട്രീയ യാഥാർഥ്യം അവശേഷിക്കുന്നു. പി.എസ്.സിയിലെ ക്രമക്കേടുകൾ അന്വേഷിക്കപ്പെടേണ്ടതാണ്; അതിന്റെ മറവിൽ ഒരു ഭരണഘടനാ സ്ഥാപനത്തെ മുഴുവനായി പുറത്താക്കാനുള്ള അധികാരം ലോക്ഭവൻ സ്വയം ഏറ്റെടുക്കുന്നതും വേറൊരു വിഷയമാണ്. ഈ രണ്ടും തമ്മിലുള്ള വ്യത്യാസം ആദ്യംതന്നെ വ്യക്തമായി പറയാൻ എൽ.ഡി.എഫാണ് മുന്നോട്ടുവന്നത്.

ഓരോ സംഭവത്തിനും ഓരോ കാരണം; പക്ഷേ ദിശ ഒന്ന്

പിഎം ശ്രീക്ക് ഒരു സാമ്പത്തിക വിശദീകരണം. പി.എം.എ.വൈ. ലോഗോയ്ക്ക് കേന്ദ്രവിഹിതത്തിന്റെ വിശദീകരണം. പൂർണ വന്ദേമാതരത്തിന് ലോക്ഭവന്റെ വിശദീകരണം. സവർക്കർ ക്വിസിന് പ്രാദേശിക അധ്യാപകരുടെ വിശദീകരണം. മയിൽപ്പീലിക്ക് ഉദ്യോഗസ്ഥന്റെ തെറ്റിന്റെ വിശദീകരണം. വൈസ് ചാൻസലർമാർക്ക് ഗവർണറുടെ അധികാരത്തിന്റെ വിശദീകരണം. പി.എസ്.സിയിൽ വൈകിയ പ്രതികരണത്തിന് അന്വേഷണത്തിന്റെ വിശദീകരണം. ഓരോ സംഭവത്തെയും ഒറ്റയ്ക്ക് എടുത്താൽ ഓരോ ന്യായീകരണവും കണ്ടെത്താം. എന്നാൽ രാഷ്ട്രീയത്തിൽ പാറ്റേൺ വായിക്കേണ്ടത് സംഭവങ്ങളെ ഒരുമിച്ചുവച്ചാണ്.

6 മാസം ഒരുമിച്ചുവെച്ചാൽ ചിത്രം വ്യക്തമാണ്: കേന്ദ്രത്തിലെ ബി.ജെ.പി.–ആർ.എസ്.എസ്. ഭരണകൂടം മുന്നോട്ടുവെയ്ക്കുന്ന ആശയ–ഭരണ അജണ്ടകളോട് കേരളത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രതിരോധം മൃദുവാകുന്നു. ഒരിക്കൽ കേരളത്തിന്റെ മതനിരപേക്ഷ ബോധം തടഞ്ഞുനിർത്തിയ ഇടങ്ങളിൽ പുതിയ വഴികൾ തുറക്കുന്നു. വിദ്യാഭ്യാസത്തിന്റെ വാതിലിൽ പിഎം ശ്രീ; വീടിന്റെ ചുമരിൽ പി.എം.എ.വൈ. മുദ്ര; സ്കൂൾ ക്വിസിൽ സവർക്കർ; സർക്കാർ സ്കൂളിൽ ബാലഗോകുലം–എൻ.ടി.യു. പരീക്ഷ; സർവകലാശാലാ മേധാവികൾ ആർ.എസ്.എസ്. വേദിയിൽ; ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനങ്ങളിൽ സംഘപരിവാർ ബന്ധത്തെക്കുറിച്ചുള്ള വിവാദം. ഇതെല്ലാം യാദൃച്ഛികമാണെന്ന് വിശ്വസിക്കാൻ കേരളത്തോട് ആവശ്യപ്പെടുന്നത് രാഷ്ട്രീയമായി അതിരുകടന്ന ആവശ്യമാകും.

മതനിരപേക്ഷത പ്രസംഗമല്ല, പ്രതിരോധമാണ്

കേരളത്തിന്റെ മതനിരപേക്ഷത ഒരു സർക്കാരിന്റെ ഔദാര്യമല്ല. നവോത്ഥാനവും തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളും പുരോഗമന സാമൂഹിക മുന്നേറ്റങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും ചേർന്ന് പതിറ്റാണ്ടുകളായി നിർമ്മിച്ച സാമൂഹിക പ്രതിരോധമാണത്. അതുകൊണ്ടാണ് ഉത്തരേന്ത്യയിൽ സ്വാഭാവികമാക്കിയ പല സംഘപരിവാർ പരീക്ഷണങ്ങൾക്കും കേരളത്തിൽ കടന്നുവരാൻ വീണ്ടും വീണ്ടും മതിലുകൾ നേരിടേണ്ടിവന്നത്.

ആ മതിലിൽ വിള്ളൽ വീഴുന്ന ഓരോ സംഭവവും അതുകൊണ്ട് കേരളത്തിന് പ്രധാനമാണ്. സംഘപരിവാറിനെതിരെ പ്രസംഗിക്കുന്നതും ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ എതിർക്കുന്നതും മാത്രം മതനിരപേക്ഷ രാഷ്ട്രീയമല്ല. അവർക്ക് സ്കൂളിൽ വാതിൽ തുറക്കാതിരിക്കുക, സർവകലാശാലയെ അവരുടെ രാഷ്ട്രീയ വേദിയാക്കാൻ അനുവദിക്കാതിരിക്കുക, ചരിത്രത്തിൽ അവരുടെ കൃത്രിമ മഹത്വവൽക്കരണത്തിന് ഇടം നൽകാതിരിക്കുക, കേന്ദ്രപദ്ധതികളുടെ പേരിൽ അവരുടെ രാഷ്ട്രീയ ബ്രാൻഡിങ് ജനങ്ങളുടെ വീടുകളിൽ പതിപ്പിക്കാതിരിക്കുക, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക — അതാണ് മതനിരപേക്ഷ ഭരണത്തിന്റെ പരീക്ഷ.

ആ പരീക്ഷയിൽ സതീശൻ സർക്കാരിന്റെ ആദ്യ 6 മാസം കേരളത്തിന് ആശ്വാസം നൽകുന്നില്ല. പിടിക്കപ്പെടുമ്പോൾ തിരുത്തുകയും പ്രതിഷേധം ഉയരുമ്പോൾ പിൻവാങ്ങുകയും ചെയ്യുന്നതല്ല രാഷ്ട്രീയ ജാഗ്രത. വാതിൽ തുറക്കാതിരിക്കുകയാണ് ജാഗ്രത. 6 മാസത്തിനിടെ ആ വാതിൽ പലവട്ടം തുറന്നു. അതുകൊണ്ടുതന്നെയാണ് ഈ സർക്കാരിനോട് കേരളം ചോദിക്കേണ്ടത്: വാക്കുകളിൽ സംഘപരിവാറിനെ എതിർക്കുകയും അധികാരത്തിന്റെ ഇടനാഴികളിൽ അതിന്റെ രാഷ്ട്രീയത്തിന് ഇടം നൽകുകയും ചെയ്യുന്ന ഈ ഇരട്ടനിലപാട് എത്രകാലം?

LEAVE A REPLY

Recent Articles

Related Articles

Special