Follow the FOURTH PILLAR LIVE channel on WhatsApp
യു.ഡി.എഫ്. സർക്കാരിൽ വീണ്ടും ബന്ധുനിയമന ആരോപണം. മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനമാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. മന്ത്രിയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ സഹോദരന്റെ അളിയനായ വി.എൽ.ഹരിയെ ഉയർന്ന പേഴ്സണൽ സ്റ്റാഫ് തസ്തികയിൽ നിയമിച്ചെന്നാണ് ആരോപണം.
സ്വകാര്യ എൻജിനിയറിങ് കോളേജിൽ ഫിനാൻസ് മാനേജരായി പ്രവർത്തിച്ചിരുന്ന ഹരിയെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയും പിന്നീട് സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി ഉയർത്തുകയുമായിരുന്നു. ഹരിക്കായി ഔദ്യോഗിക വാഹനവും അനുവദിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതിൽ നേരത്തെ കാലതാമസം ഉണ്ടായിരുന്നതും ചർച്ചയായിരുന്നു. സ്വന്തം ആളുകളെ പ്രധാന തസ്തികകളിൽ എത്തിക്കുന്നതിനാണ് നിയമനം വൈകിപ്പിച്ചതെന്ന ആരോപണവും ഉയർന്നു. അതേസമയം, ഹരിയുടെ കുടുംബബന്ധവും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായുള്ള നിയമനവും സംബന്ധിച്ച് മന്ത്രിയുടെ ഓഫീസിൽനിന്ന് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഇതിന് മുമ്പും വി.ഡി.സതീശൻ സർക്കാരിൽ സമാനമായ വിവാദം ഉയർന്നിരുന്നു. വൈദ്യുതി മന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് അന്ന് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ അളിയനെ പിന്നീട് സണ്ണി ജോസഫ് സ്റ്റാഫിൽ നിന്നൊഴിവാക്കി.
പുതിയ ആരോപണത്തോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ ബന്ധുക്കൾക്കും അടുത്തവർക്കും മുൻഗണന നൽകുന്നുവെന്ന വിമർശം വീണ്ടും ശക്തമായിരിക്കുകയാണ്.
























