ഓണം പടിവാതിൽക്കൽ; കെ.എസ്.ആർ.ടി.സി. താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

ഓണം പടിവാതിൽക്കലെത്തിയിട്ടും കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരോട് സർക്കാരിന്റെ അവഗണന തുടരുന്നു. ജൂലൈ മാസത്തെ മുഴുവൻ ശമ്പളം പോലും ഇതുവരെ താൽക്കാലിക ജീവനക്കാർക്ക് നൽകിയിട്ടില്ല. ജൂലൈ 15 വരെയുള്ള വേതനം മാത്രമാണ് വിതരണം ചെയ്തത്.

ജൂലൈയിലെ മുഴുവൻ ശമ്പളവും ഓഗസ്റ്റ് 5ന് മുമ്പായി നൽകേണ്ടതായിരുന്നു. എന്നാൽ ഓഗസ്റ്റ് 18 പിന്നിട്ടിട്ടും ശേഷിക്കുന്ന വേതനം ജീവനക്കാരുടെ അക്കൗണ്ടിലെത്തിയിട്ടില്ല. ഓണച്ചെലവുകൾ മുന്നിൽനിൽക്കെ ശമ്പളം പോലും ലഭിക്കാത്തത് നൂറുകണക്കിന് താൽക്കാലിക ജീവനക്കാരെയും കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സ്ഥിരം ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതിതന്നെ ശമ്പളം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ സ്ഥിരം ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അതേസമയം താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ വേതനം പോലും പൂർണമായി നൽകാത്തത് കടുത്ത വിവേചനമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഓണക്കാലത്ത് കുടുംബച്ചെലവ് വർധിക്കുന്ന സമയത്താണ് താൽക്കാലിക ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ബോണസ്, ഓണം അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും താൽക്കാലിക ജീവനക്കാർക്കില്ല. വർഷങ്ങളായി കെ.എസ്.ആർ.ടി.സിയുടെ ദൈനംദിന സർവീസുകളുടെ ഭാഗമായിക്കൊണ്ട് ജോലി ചെയ്യുന്നവരെയാണ് ഉത്സവകാലത്തുപോലും അധികൃതർ അവഗണിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

സ്ഥിരം ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുമ്പോൾ അതേ സ്ഥാപനത്തിൽ അതേ സർവീസുകളുടെ ഭാഗമായ താൽക്കാലിക ജീവനക്കാരുടെ വേതനം വൈകിപ്പിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

തൊഴിലാളിയുടെ വിയർപ്പിന് സ്ഥിരമെന്നോ താൽക്കാലികമെന്നോ വ്യത്യാസമില്ല. ജോലി ചെയ്ത ദിവസത്തെ കൂലി സമയത്ത് നൽകുക എന്നത് സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്വമാണ്. എന്നാൽ ഓണക്കാലത്തുപോലും ആ അവകാശം താൽക്കാലിക ജീവനക്കാർക്ക് നിഷേധിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്.

ഓണം ആഘോഷിക്കാൻ കേരളം ഒരുങ്ങുമ്പോൾ കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാരുടെ വീടുകളിൽ ആദ്യം എത്തേണ്ടത് പൂക്കളമോ സദ്യയോ അല്ല; അവർ ജോലി ചെയ്ത് നേടിയ ശമ്പളമാണ്.

LEAVE A REPLY

Turn on JavaScript to leave a comment.

Recent Articles

Related Articles

Special