Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിനോയ് വിശ്വം മാറില്ല എന്ന് റിപ്പോർട്ട്. സംസ്ഥാന സമ്മേളത്തിൽ സെക്രട്ടറി സ്ഥാനത്തെ സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പഴയ ഇസ്മായിൽ പക്ഷവും കെ. പ്രകാശ് ബാബുവിനെ അനുകൂലിക്കുന്നവരും സെക്രട്ടറി സ്ഥാനത്തേക്കു മറ്റൊരു പേര് ഉയർത്തില്ല.
മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ കാനം പക്ഷത്തിന്റെ പൂർണ പിന്തുണ ബിനോയിക്കാണ്. വി.എസ്. സുനിൽ കുമാർ, പി.എസ്. സുപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ ഇസ്മായിൽപക്ഷ നേതാക്കളും ബിനോയ് സെക്രട്ടറിയായി തുടരട്ടേയെന്ന നിലപാടിലാണ്. എന്നാൽ, സംസ്ഥാന കൗൺസിലിൽ മേൽക്കൈ നേടാൻ ഇരുപക്ഷവും നീക്കം ശക്തമാക്കി. 101 അംഗ കൗൺസിലിൽ ഭൂരിപക്ഷം ഉറപ്പാക്കി അസിസ്റ്റന്റ് സെക്രട്ടറി, എക്‌സിക്യുട്ടീവ് തിരഞ്ഞെടുപ്പുകളിൽ സ്വാധീനമുറപ്പിക്കാനാണിത്.
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തങ്ങളുടെ മേൽക്കൈ ഉപയോഗപ്പെടുത്തി കുറഞ്ഞത് 18 സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാമെന്നാണ് ഇസ്മായിൽ-പ്രകാശ് ബാബു പക്ഷത്തിന്റെ കണക്കുകൂട്ടൽ. ഗ്രൂപ്പടിസ്ഥാനത്തിൽ വെട്ടിനിരത്തലിനു ശ്രമിച്ചാൽ ‘അച്ചടക്ക വാൾ’ വീശി പിന്തിരിപ്പിക്കുകയെന്നതാണ് പഴയ കാനം പക്ഷത്തിന്റെ രീതി. ബിനോയ് കർശന നിലപാട് സ്വീകരിച്ച് ഒപ്പം നിന്നാലേ ഇതു സാധിക്കൂ. സംഘടനാപ്രശ്‌നങ്ങളിൽ ഇരുപക്ഷത്തെയും ചേർത്തു നിർത്തുന്ന രീതിയാണ് ബിനോയിക്കുള്ളത്. ജില്ലകളിലെ വിഭാഗീയതയെപ്പറ്റി സംഘടനാ റിപ്പോർട്ടിൽ പറയാതിരുന്നത് ഈ നിലപാടു മൂലമാണ്.
തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ തങ്ങളുടെ സ്വാധീനം കാനംപക്ഷം പരമാവധി ഉപയോഗിക്കും. സംസ്ഥാന സെന്റർ നേരിട്ട് കൗൺസിലിലേക്കു നിർദേശിക്കുന്നവരിൽ കാനം പക്ഷത്തിനായിരിക്കും മേൽക്കൈ. മറുവിഭാഗം സമ്മർദ ശക്തിയായേക്കാമെങ്കിലും ഭൂരിപക്ഷം നേടാനുള്ള സാധ്യത അവർ തള്ളുകയാണ്. കൗൺസിലിൽ ഭൂരിപക്ഷം ഉറപ്പിക്കുകവഴി വി.എസ്. സുനിൽ കുമാർ, പി.എസ്. സുപാൽ എന്നിവരിലൊരാളെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാക്കുകയാണ് ഇസ്മായിൽ പക്ഷത്തിന്റെ ലക്ഷ്യം. ഇ. ചന്ദ്രശേഖരൻ ഒഴിയുന്ന സ്ഥാനത്ത് ആർ. രാജേന്ദ്രനെ അസിസ്റ്റന്റ് സെക്രട്ടിയാക്കാൻ കാനം വിഭാഗവും കരുക്കൾ നീക്കുന്നു.