Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: അഞ്ചാലുംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തമ്മിലുണ്ടായ സംഘട്ടനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ച് തകർത്ത സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു.കായികാധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിയും സസ്പെൻഷനിലാണ്.
കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനമുണ്ടായത്. അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാർത്ഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിൻസിപ്പാൾ പ്രതികരിച്ചത്.