Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: ധർമസ്ഥല കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി ലോറി ഡ്രൈവർ മനാഫ്. സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമെന്നാണ് മൊഴി. തലയോട്ടി എടുത്തത് ശുചീകരണ തൊഴിലാളി അല്ല. മറ്റ് രണ്ടുപേർ തലയോട്ടിയെടുത്ത് നൽകി. തലയോട്ടിയെടുത്ത രണ്ടുപേരെ കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് നൽകി. വിശ്വാസ്യത കൂട്ടാൻ ചിലർ വ്യാജ തെളിവുകൾ സൃഷ്ടിച്ചു. സുജാത ഭട്ടിന്റെ മൊഴി വിശ്വാസത്തിൽ എടുത്തതിൽ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു. തനിക്ക് ആരെയും സംരക്ഷിക്കാൻ ഇല്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.
ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില കള്ളനാണയങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞുവെന്നും തനിക്ക് ആരെയും സംരക്ഷിക്കാൻ ഇല്ലെന്നും മനാഫ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ മനാഫ് ഉഡുപ്പി പൊലീസിന് മുന്നിൽ ഹാജരാകാതെ നാട്ടിലേയ്ക്ക് മടങ്ങി.
മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ ഇട്ടിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ധർമസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന വാർത്ത വന്നതിന് പിന്നാലെ ഒളിവിൽപ്പോയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.