Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം : കേരളത്തിൽ കഴിഞ്ഞ2 വർഷത്തിനിടെ മോഷണം പോയത് 57,511 മൊബൈൽ ഫോണുകളാണ്. ഈ ഫോണുകളെ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി പോർട്ടൽ (സിഇഐആർ) ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു. 37,228 മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ കണ്ടെത്തിയ 9,268 ഫോണുകൾ ഉടമകൾക്കു കൈമാറി. 11,015 ഫോണുകളെക്കുറിച്ച് വിവരമൊന്നുമില്ല.
സിഇഐആർ സൈറ്റിൽ (www.ceir.gov.in) നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡ് നമ്പറുകളും ഐഎംഇഐ നമ്പർ, കമ്പനി, വില തുടങ്ങിയ വിവരങ്ങളും നൽകുന്നതോടെ ഫോൺ ബ്ലോക്കാകും. ഈ ഫോൺ പിന്നീടു കവർച്ചക്കാർക്ക് ഉപയോഗിക്കാനാകില്ല. ഫോണിലെ സിം മാറ്റി ഇട്ടാലും വിളിക്കാനോ മറ്റുപയോഗങ്ങൾക്കോ പറ്റില്ല.
ഫോൺ നഷ്ടപ്പെട്ട സ്ഥലം, തീയതി, സംസ്ഥാനം, ജില്ല, പൊലീസ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങൾക്കു പുറമേ സ്റ്റേഷനിൽ പരാതി നൽകുമ്പോൾ ലഭിക്കുന്ന നമ്പറും പരാതിയുടെ പകർപ്പും ഫോൺ ഉടമയുടെ വിലാസവും തിരിച്ചറിയൽ രേഖയും പോർട്ടലിൽ നൽകണം.
നഷ്ടപ്പെട്ട ഫോണിൽ മറ്റൊരു സിം കാർഡ് ഇട്ടാലുടൻ ഫോണിന്റെ ലൊക്കേഷനടക്കമുള്ള വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. ഈ വിവരം പരാതി നൽകിയ സ്റ്റേഷനിലേക്കു കൈമാറും. തുടർന്നു സൈബർ പൊലീസിന്, മോഷ്ടാവിന്റെ കയ്യിലിരിക്കുന്ന ഫോണിൽ ഉപയോഗിക്കുന്ന സിം കാർഡ് നമ്പർ മനസ്സിലാക്കാനും കഴിയും.