29 C
Trivandrum
Monday, October 20, 2025

ആനയുടെ കുത്തേറ്റ് ഒന്നാം പാപ്പാൻ മരിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

ഹരിപ്പാട്: ആനയുട കുത്തേറ്റ് മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ മരിച്ചു.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.

ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.

ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്. പുല്ലാംവഴി വളപ്പിൽനിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയിൽ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരൻനായർ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാർ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്. വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോൾ ആന മുരളീധരൻനായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടൻ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കൊട്ടാരവളപ്പിൽ തളച്ചു. മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks