Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: എറണാകുളത്ത് പുഴയിൽച്ചാടി ആത്മഹത്യചെയ്ത വീട്ടമ്മയുടെ പോസ്റ്റുമാർട്ടം ഇന്ന്. എറണാകുളം കോട്ടുവള്ളിയിൽ അയൽവാസിയായ വട്ടിപ്പലിശക്കാരന്റെ ഭീഷണി ഭയന്നാണ് യുവതി ആത്മഹത്യചെയ്തത്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻറെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറൽ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂർ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാർ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിൽ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ്, ഭാര്യ ബിന്ദു എന്നിവർക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാർ ഭീഷണി തുടർന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)