29 C
Trivandrum
Tuesday, November 18, 2025

പാസ്പോർട്ട് പുതുക്കാൻ NOC നൽകിയില്ല; ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് IAS

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം:ചീഫ് സെക്രട്ടറി എ.ജയതിലക് പാസ്പോർട്ട് പുതുക്കാൻ NOC നൽകിയില്ലെന്ന ആരോപണവുമായി എൻ. പ്രശാന്ത് ഐഎഎസ്. കൊളംബോയിൽ സ്കൂൾ റീയൂണിയന് പങ്കെടുക്കാൻ മനഃപൂർവം അനുവദിച്ചില്ല. പാർട്ട്-ടൈം പി.എച്ച്.ഡിക്കുള്ള NOC അപേക്ഷയും മുടങ്ങിക്കിടക്കുകയാണെന്നും പ്രശാന്ത് ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

വീണ്ടും തേച്ചു ഗയ്സ്‌

മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്തതാണ് കൊളംബോയിൽ വെച്ചുള്ള ഞങ്ങളുടെ ലോയോള സ്കൂൾ റീയൂണിയൻ, “തേസ് സാൽ ബാദ്”. സാധാരണ ഇത്തരം പരിപാടികളിൽ എനിക്ക്‌ പങ്കെടുക്കാൻ സാധിക്കാറില്ല, പക്ഷെ ഇത്തവണ — പ്രത്യേകിച്ച് സസ്‌പെൻഷനിലായതുകൊണ്ട് — എനിക്ക്‌ തീർച്ചയായും പങ്കെടുക്കാനാവും എന്ന് കരുതി. ലോകത്തിൻറെ വിവിധ കോണിലുള്ള പഴയ കൂട്ടുകാരെ കാണാനും സൗഹൃദത്തിൻറെ നിമിഷങ്ങൾ തിരിച്ചുപിടിക്കാനും! ഇന്ന് എൻറെ സഹപാഠികൾ ഒത്തുചേരൽ കഴിഞ്ഞ് കൊളംബോയിൽ നിന്ന് മടങ്ങി.

പക്ഷെ എനിക്ക് ഇത്തവണയും പോകാൻ കഴിഞ്ഞില്ല. ദൂരം കാരണമോ എന്റെ തിരക്ക്‌ കാരണമോ അല്ല, മറിച്ച് ചീഫ് സെക്രട്ടറി ഒരു സാധാരണ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NoC) പോലും തരാൻ തയ്യാറാകാത്തതുകൊണ്ടാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും പാസ്‌പോർട്ട് പുതുക്കാൻ ഇത് നിർബന്ധമാണ്.

NOC-ക്കും ഐഡൻറിറ്റി സർട്ടിഫിക്കറ്റിനുമുള്ള എൻറെ അപേക്ഷ മാസങ്ങൾക്ക് മുൻപേ സമർപ്പിച്ചതാണ്. ഇന്നേവരെ മറുപടിയില്ല. അപേക്ഷ കാണ്മാനില്ല പോലും! ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവർത്തകൻ മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ്‌ അപേക്ഷ കൈമാറി. അന്വേഷിച്ചപ്പോൾ അത് സെക്ഷനിലുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ കേൾക്കുന്നത് അത് വീണ്ടും കാണാനില്ലെന്ന്! വിരോധാഭാസമെന്നു പറയട്ടെ, ഞാൻ തന്നെ എന്റെ കീഴുദ്യോഗസ്ഥർക്ക് 30 സെക്കൻഡിനുള്ളിൽ NOC നൽകിയിട്ടുണ്ട്, അവരുടെ ഫോട്ടോയിൽ ഒപ്പിട്ടാൽ മാത്രം മതി. ഇത്രയേ ആവശ്യമുള്ളൂ. ഈ വിഷയത്തിൽ, പ്രകടമാവുന്ന മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല.

എൻറെ പാർട്ട്-ടൈം പി.എച്ച്.ഡി. ഗവേഷണത്തിനായുള്ള NOC അപേക്ഷയും ഇതേ അവസ്ഥയിലാണ്‌. മാർച്ച് 9-ന് സമർപ്പിച്ച ആ അപേക്ഷയ്ക്കും ഇതുവരെ ഒരു മറുപടിയുമില്ല. എന്റെ പ്രോപ്പർട്ടി റിട്ടേൺസ്, മറ്റ് സ്റ്റേറ്റ്മെന്റുകൾ, രേഖകൾ എന്നിവയുടെയൊന്നും അക്നോളജ്മെന്റോ സ്വീകരിച്ചതായുള്ള രേഖയോ തന്നിട്ടില്ല. കിട്ടിയ ഭാവം ഇല്ല. വിവരാവകാശ അപേക്ഷകൾക്ക് കിട്ടുന്ന മറുപടികൾ തെറ്റായതും വഴിതെറ്റിക്കുന്നതുമാണ്. എന്റെ സർവീസ് ഫയലിൽ നിന്ന് പല നിർണായക രേഖകളും നീക്കം ചെയ്യപ്പെട്ടുവെന്നും കേൾക്കുന്നു. വ്യക്തമായ രേഖകളോടുകൂടി ഇ-മെയിൽ വഴി അയച്ച ഡിജിറ്റൽ അപേക്ഷകൾക്ക് പോലും മറുപടിയില്ല. നേരിട്ട് നൽകിയ രേഖകളുടെ ഫിസിക്കൽ കോപ്പികൾ അദൃശ്യമായ പോലെയാണ്‌ കൈകാര്യം ചെയ്യുന്നത്. 12 തവണ കത്തയച്ച ശേഷവും മുൻ ചീഫ്‌ സെക്രട്ടറി പത്രക്കാരോട്‌ പറഞ്ഞത്‌ ഷോക്കോസിന്‌ ഞാൻ മറുപടി നൽകിയില്ല എന്നാണ്‌. അവസാനം ലൈവ്‌ സ്റ്റ്രീം ചെയ്യുമെന്ന് ഭയന്ന ഹിയറിങ്ങിലാണ്‌ പല രേഖകളും ഉണ്ടെന്ന് സമ്മതിക്കേണ്ടി വന്നത്‌. പല രേഖകളും മനഃപൂർവ്വം നീക്കം ചെയ്യപ്പെട്ടതായി ഇപ്പോഴും സംശയമുണ്ട്‌.

ഇത് വെറും ബ്യൂറോക്രസിക്കളിയല്ല. ഇത് വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസ്സോടുകൂടിയുള്ള ഉപദ്രവമാണ്. ഒരു റീയൂണിയൻ നഷ്ടമാകുന്നത് ചെറിയ കാര്യമാണ്, പക്ഷെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മനേക ഗാന്ധി v. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖകൾ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളിൽ തിരിമറി നടത്തുന്നതും കുറ്റകരമാണ്‌. സമയത്തിന് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാത്തത് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്. നീതിബോധമുള്ള ഒരാളെങ്കിലും സിസ്റ്റത്തിനുള്ളിൽ, ചെയിൻ ഓഫ്‌ കമാന്റിൽ ഉണ്ടാവും എന്ന് വിശ്വസിച്ച്‌ പല തവണ ഓർമ്മപ്പെടുത്തി, കത്തുകൾ വീണ്ടും വീണ്ടും നൽകി, വേണ്ടുവോളം ക്ഷമിച്ചു. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ: ഈ രാജ്യത്ത് നിയമവാഴ്ച ഇനിയും ഇല്ലാതായിട്ടില്ല.

നിയമ വിദ്യാർഥിയെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയുടെ ശക്തിയിലും ഇന്ത്യൻ നിയമവ്യവസ്ഥയുടെ നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു: ഈ ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിൻറെ മുന്നിൽ കൊണ്ടുവരും.

ഉമ്മാക്കികൾ കണ്ട്‌ ഭയപ്പെടാതെ നിലകൊള്ളുന്നതിൻറെ പ്രധാന കാരണം നിങ്ങൾ, എൻറെ സഹപാഠികൾ തന്നെയാണ്. നമ്മൾ വളർന്നുവന്ന വിശിഷ്ടമായ ജെസ്യൂട്ട് പാരമ്പര്യം ഇപ്പോഴും വഴിവിളക്കായി എൻറെ കൂടെയുണ്ട്. “വിശ്വാസവും നീതിയും വേർപിരിക്കാനാവാത്തതാണെന്നും”, അധികാരത്തിനോട് സത്യം വിളിച്ചുപറയണമെന്നും, “വിശ്വാസത്തിൻറെ സേവനം എപ്പോഴും നീതിയെ പ്രോത്സാഹിപ്പിക്കലാണെന്നും” നമ്മുടെ സ്കൂൾ നമ്മളെ പഠിപ്പിച്ചു. നീതികേടിന് മുന്നിൽ മൗനം പാലിക്കുന്നത് പോലും അനീതിയാണെന്ന് ഞങ്ങളുടെ അധ്യാപകർ ഊട്ടി ഉറപ്പിച്ചതാണ്‌ . ആ മൂല്യങ്ങൾ അനീതിയെ ചെറുക്കാനും ആത്മാഭിമാനത്തോടെ നിലകൊള്ളാനും ധൈര്യം നൽകുന്നു. ഭരണഘടനയും നിയമവും ഒടുവിൽ വിജയിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.

എനിക്ക് കൊളംബോയിൽ നിങ്ങളോടൊപ്പം കൂടാൻ കഴിഞ്ഞില്ലെങ്കിലും, നമ്മുടെ മനസുകളും, നമ്മുടെ സ്കൂൾ ഓർമ്മകളും, നമ്മൾ കാത്തുസൂക്ഷിക്കുന്ന ‘ലൊയോളത്തവും’ എൻറെ കൂട്ടുണ്ടായിരുന്നു എന്നറിയുക. അതല്ലേ ശക്തി! എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇത്തവണയും തേച്ചതിൽ ഞാൻ ഖേദിക്കുന്നു. അടുത്ത തവണ റെഡിയാക്കാം.

Recent Articles

Related Articles

Special

Enable Notifications OK No thanks