Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: ഗവര്‍ണറുമായി നിലയ്ക്കാത്ത വിവാദം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, എല്ലാ ദിവസവും വിവാദങ്ങളിലേക്ക് പോകാനുള്ള ആവേശം ഗവര്‍ണര്‍ കാണിക്കുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
ദേശീയ ബിംബങ്ങളേക്കുറിച്ചും പ്രതീകങ്ങളേക്കുറിച്ചും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ വായിക്കണം. ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസ്സിലാവും. സര്‍ക്കാരിന് സംഘര്‍ഷം ലക്ഷ്യമല്ല. രാജ്ഭവൻ്റെ ഔദ്യോഗിക വേദികളില്‍ ഇന്ത്യയുടേതല്ലാത്ത ഭൂപടം കാണിക്കാന്‍ പാടില്ല. നിയമപരമായി തന്നെ അത് തെറ്റാണെന്ന് അദ്ദേഹത്തിൻ്റെ ഉപദേഷ്ടാക്കള്‍ പറയേണ്ട സമയമായി.
ഭരണഘടനാ പദവിയായ ഗവര്‍ണര്‍ പദവിയെ നയിക്കേണ്ടത് ഭരണഘടനയാണെന്ന സത്യത്തെ മറന്നുകൊണ്ട് രാജ്ഭവനിലെ അന്തേവാസി തൻ്റെ പൂര്‍വകാലത്തെ എല്ലാമെല്ലാമായി കാണുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.