Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂരില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം 10 പേരാണ് മത്സര രങത്തുള്ളത്. മൂന്നാഴ്ചയിലേറെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം തമ്പടിച്ച് നടത്തിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും ഓരോ വോട്ടും അനുകൂലമാക്കാനുമുള്ള അവസാനഘട്ട ഓട്ടത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും.
വോട്ടര്‍മാര്‍
- പുരുഷ വോട്ടര്‍മാര്‍ -1,13,613
- വനിതാ വോട്ടര്‍മാര്‍- 1,18,760
- ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍- 8
- പ്രവാസി വോട്ടര്‍മാര്‍-373
- സര്‍വീസ് വോട്ടര്‍മാര്‍-324
- ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്.
മത്സരരങത്തുള്ള സ്ഥാനാര്‍ഥികള്‍
1. അഡ്വ.മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ.സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
5. പി.വി.അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
6. എന്‍.ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
7. പി.രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്
പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്.
ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16നു പൂര്‍ത്തിയായിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവി പാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെൻ്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള 3 ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ് കാസ്റ്റിങ് നടത്തും.