Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂര്‍: ഇറാനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന മര്യാദകള്‍ പാലിക്കേണ്ട എന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും അവര്‍ ഇറാനുനേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘ഇസ്രായേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ഒരു നാടാണ് അത്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രായേല്‍ സ്വീകരിച്ചിട്ടുള്ളത്’ -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘അത്യന്തം സ്‌ഫോടനാത്മകമായ വിവരങ്ങളാണ് രാവിലെ മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇറാനുനേരെ ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യും’ -പിണറായി പറഞ്ഞു.