Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വർണവിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. നിറത്തിൻ്റ പേരിലെ വിമർശനം നേരിട്ടെന്ന് ചൊവ്വാഴ്ചയാണ് അവർ ഫേസ്ബുക്കില്‍ കുറിച്ചത്. തൻ്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിൻ്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്.
വർണവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യമൊരു കുറിപ്പ് പങ്കുവെച്ചെങ്കിലും വിവാദം ആകേണ്ട എന്ന് കരുത് മണിക്കൂറുകള്‍ക്കുള്ളില്‍ അത് നീക്കം ചെയ്തു. പിന്നാലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.
തൻ്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിൻ്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമൻ്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമൻ്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട്, ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പില്‍ പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരന്‍ കുറിച്ചു.