Follow the FOURTH PILLAR LIVE channel on WhatsApp
ദുബായ്: ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മൂന്നാം കിരീടം ചൂടി. ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 4 വിക്കറ്റിനാണ് തോല്പിച്ചു. ടീമെന്ന നിലയിൽ ഒത്തൊരുമയോടെ നേടിയ വിജയം എന്നു പറയാം. എന്നാൽ കിരീടം ഉറപ്പാക്കിയത് ടീമിൻ്റെ ഘടനയിലും തന്ത്രങ്ങളിലും വരുത്തിയ മാറ്റങ്ങളാണ്.
ഇത്തവണ ഒറ്റയാള്‍ പ്രകടനങ്ങളെ ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഇന്ത്യ നേടിയെടുത്ത കിരീടമാണിതെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മയും സീനിയര്‍ താരം വിരാട് കോലിയും കരിയറിൻ്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനായത് ഇരുവരുടേയും കരിയറിന് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ്. ടി20 ലോകകപ്പ് നേടി അധികം വൈകാതെ തന്നെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കുമെത്താനായത് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഇന്ത്യൻ ആധിപത്യത്തിനു തെളിവാണ്.
ഈ ടൂർണമെൻ്റിൽ ഇന്ത്യൻ വിജയങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു കളിക്കാരൻ്റെ പേരു പറയാൻ ആവശ്യപ്പെടുകയാണെങ്കിൽ നിസ്സംശയം വരുൺ ചക്രവർത്തി എന്നു പറയാം. ഇന്ത്യ ആദ്യം ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ പിന്നീട് യശ്വസി ജയ്‌സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്ന തീരുമാനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ വളരെ നിര്‍ണ്ണായകമായെന്ന് നിസംശയം പറയാം. ന്യൂസീലന്‍ഡിനെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ 5 വിക്കറ്റ് പ്രകടനം നടത്തിയ വരുണ്‍ ഫൈനലില്‍ കിവീസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയുടെ ഹീറോയായി.
വെടിക്കെട്ട് ബാറ്റർ ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കെ.എല്‍.രാഹുലിനെ വിക്കറ്റ് കീപ്പറാക്കി മുന്നോട്ട് പോവാനുള്ള ടീം മാനേജ്മെൻ്റ് തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. ഇത് എത്രത്തോളം ഗുണകരമായെന്ന് ഇന്ത്യയുടെ പ്രകടനത്തിലേക്ക് പിന്നോട്ട് നടന്നാല്‍ വ്യക്തമാവും. ഫൈനലിലടക്കം നങ്കൂരമിട്ട് കളിച്ച രാഹുലിൻ്റെ പ്രകടനം ഇന്ത്യയെ സമ്മര്‍ദ്ദ ഘട്ടത്തിലെല്ലാം സഹായിച്ചിട്ടുണ്ട്. രാഹുലിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് തന്നെ പറയാം.
ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ ഇന്ത്യയുടെ മധ്യനിരയില്‍ ഇടം കൈയന്‍ ആരെന്നതായിരുന്നു പ്രധാന ചോദ്യം. ഈ തലവേദനയ്ക്കു പരിഹാരം കണ്ടത് അക്സര്‍ പട്ടേലിനെ അഞ്ചാം നമ്പറിലേക്ക് കൊണ്ടുവന്നാണ്. ആ റോളിനോട് 100 ശതമാനം നീതി പുലര്‍ത്താന്‍ അക്സറിന് സാധിക്കുകയും ചെയ്തു. ഫൈനലിലടക്കം തകര്‍പ്പന്‍ പ്രകടനത്തോടെ അക്സര്‍ മാച്ച് വിന്നറായി മാറിയിട്ടുണ്ട്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അക്സറിന് തിളങ്ങാനാവുമെന്ന കണക്കുകൂട്ടല്‍ തെറ്റയില്ലെന്നത് ഇന്ത്യയുടെ വിജയത്തിൽ കലാശിച്ചു.
തന്നെ ടീമിലക്കു തിരിച്ചുവിളിച്ചത് തെറ്റായില്ലെന്നു തെളിയിക്കുമെന്ന വാശിയിലായിരുന്നു ശ്രേയസ് അയ്യർ. നാലാം നമ്പറില്‍ ശ്രേയസിനെ കളിപ്പിക്കാനുള്ള തീരുമാനം ഏറ്റവും പ്രധാനപ്പെട്ടതായി. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ശ്രേയസ്. ഫൈനലില്‍ നിര്‍ണ്ണായകമായ 48 റണ്‍സുമായി തൻ്റെ റോള്‍ മികച്ചതാക്കാന്‍ ശ്രേയസിനു സാധിച്ചു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ടീമാണ് ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് 20 കോടി രൂപയാണ്. ഈ തുക ടീമിൻ്റെ ഭാഗമായിരിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്. തുല്യമായിട്ടാവും ഈ തുക വീതിക്കുക. ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചു.