29 C
Trivandrum
Friday, March 14, 2025

ചാമ്പ്യൻസ് ട്രോഫി സമ്മാനദാനച്ചടങ്ങില്‍ പാക് പ്രതിനിധി ഇല്ല; പുതിയ വിവാദം

Follow the FOURTH PILLAR LIVE channel on WhatsApp 

ദുബായ്: ചാമ്പ്യൻസ് ട്രോഫി സമ്മാനദാനച്ചടങ്ങിൽ ടൂർണമെൻ്റിൻ്റെ ആതിഥേയരായ പാകിസ്താൻ പ്രതിനിധികളാരും വേദിയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം. പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവും ടൂര്‍ണമെന്‍റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്. കിരീടം നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിക്കുമ്പോൾ ഐ.സി.സി. ചെയർ ജയ് ഷായ്ക്കൊപ്പം ബി.സി.സി.ഐ. പ്രസി‍ഡന്‍റ് റോജര്‍ ബിന്നി, സെക്രട്ടറി ദേവജിത് സൈക്കിയ, ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ട്വോസ് എന്നിവർ മാത്രമാണ് വേദിയിലുണ്ടായിരുന്നത്.

പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഫൈനല്‍ കാണാനായി ദുബായിലേക്ക് വന്നിരുന്നില്ല. പകരം പാക് ബോര്‍ഡ് സി.ഇ.ഒ.യെ ഫൈനലിനായി ദുബായിലേക്ക് അയയ്ക്കുകയായിരുന്നു. സമാപനച്ചടങ്ങ് നടത്തിപ്പിന്‍റെ ചുമതലയുള്ളവരോട് കൃത്യമായി ആശയവിനിമയം നടത്താത്തിനാലാകാം പി.സി.ബി. സി.ഇ.ഒയുടെ പേര് വിട്ടുപോയതെന്നാണ് ഐസിസി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

ഐ.സി.സി. ചെയർ ജയ് ഷാ ആണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് കിരീടം സമ്മാനിച്ചത്. കളിക്കാര്‍ക്ക് നല്‍കുന്ന പരമ്പരാഗത വൈറ്റ് ജാക്കറ്റുകള്‍ ഇന്ത്യൻ താരങ്ങളെ അണിയിച്ചത് ബി.സി.സി.ഐ. പ്രസിഡന്‍റ് റോജര്‍ ബിന്നിയായിരുന്നു. ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയ രാജ്യമായിട്ടും പാകിസ്താൻ്റെ പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി സമ്മാനദാനം ഒരു ബി.സി.സി.ഐ. പരിപാടിയാക്കിയെന്നാണ് പ്രധാന വിമര്‍ശം. ആതിഥേയരായിട്ടും സമ്മാനദാനച്ചടങ്ങിലേക്ക് ആരെയും പാകിസ്താന്‍ അയക്കാതിരുന്നതിനെ മുന്‍ പാക് താരം ഷോയബ് അക്തര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks