Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സി.പി.എം. കൗണ്‍സിലര്‍ മനഃപുര്‍വം ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പരാതി കെട്ടിച്ചമച്ചതാണെന്ന കൗണ്‍സിലറുടെ വാദം ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൗണ്‍സിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. അതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണ്‍ വലതു കൈമുട്ടുമടക്കി നെറ്റിയില്‍ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്‌തെന്നും ആയിരുന്നു കേസ്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.
ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയുടെ കവാടത്തില്‍ എസ്.ഐയും 2 വനിതാ പൊലീസുകാരും അടക്കം 4 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ സമയം വലിയ തിരക്കുണ്ടായിരുന്നില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആ സമയത്ത് ഉണ്ണികൃഷ്ണൻ പുറത്ത് വെറുതെ നില്ക്കുകയാണ്. പരിചയമുള്ള പ്രായമായ 2 സാധു സ്ത്രീകളെ കണ്ടപ്പോൾ അവരുടെ കൈപിടിച്ച് കൗണ്‍സിലര്‍ കവാടത്തിലേക്ക് എത്തുമ്പോൾ എസ്.ഐ. കുറുകെ കയറി തടസ്സം നില്‍ക്കുകയും കൈവീശി മാറിപ്പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൗണ്‍സിലറും പ്രായമായ സ്ത്രീകളും നോക്കിനില്‍ക്കെ, ധനാഢ്യർ എന്നു തോന്നിക്കുന്ന തിളങ്ങുന്ന വേഷം ധരിച്ച ഒരു സ്ത്രീയെയും അവര്‍ക്കൊപ്പമെത്തിയ യുവതികളെയും എസ്.ഐ. ക്ഷേത്രത്തിനകത്തേക്ക് കടത്തി വിട്ടു. ചില പ്രത്യേക വ്യക്തികൾക്കു മാത്രമല്ല എല്ലാവർക്കും അകത്തു കടക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച കൗണ്‍സിലറെ എസ്.ഐ. തടയുകയും ബലപ്രയോഗം നടത്തുകയുമായിരുന്നു. കൗണ്‍സിലറെ എസ്.ഐ. തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുനിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നെറ്റിയില്‍ കൈ കൊള്ളുന്നത്.
ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണന് എതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ഫോര്‍ട്ട് പൊലീസിൻ്റെ നടപടിയില്‍ ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ബോധപൂര്‍വം അടിച്ചതാണോ എന്നറിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. തലയ്ക്കടിയേറ്റതിനാലാണ് സി.ടി. സ്‌കാന്‍ ചെയ്തത്. തലയ്ക്ക് മുറിവ് പറ്റുകയോ കുഴഞ്ഞുവീഴുകയോ ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരിയായ ഉദ്യോഗസ്ഥ പറഞ്ഞു.