Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു∙ രാജ്യത്തെ ഞെട്ടിച്ച ഹംപി കൂട്ടബലാത്സംഗ കേസിൽ 2 പേർ പിടിയിൽ. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണു കർണാടക പൊലീസ് പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമനു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി കൊപ്പൽ പൊലീസ് സൂപ്രണ്ട് റാം എൽ.അരസിദ്ദി പറഞ്ഞു. ഗംഗാവതി സ്വദേശിയായ നിർമാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി.
വ്യാഴാഴ്ച രാത്രിയാണ് ഇസ്രായേലി സ്വദേശിനിയായ വിനോദസഞ്ചാരിയും (27) ഹോം സ്റ്റേ ഉടമയായ സ്ത്രീയും (29) കൂട്ടബലാത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന 3 പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതില്‍ ഒഡീഷ സ്വദേശിയായ ബിബാഷ് കനാലിൽ വീണു മുങ്ങിമരിച്ചു. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യു.എസ്. പൗരൻ ഡാനിയൽ, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിമരിച്ച ബിബാഷിൻ്റെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് കനാലിനു സമീപത്തുനിന്നു കണ്ടെത്തിയത്.
2 യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന സനാപൂർ തടാകത്തിനു സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിനു മുന്നിലെ സി.സി.ടി.വികളിൽനിന്നാണ് പൊലീസിനു പ്രതികളുടെ ദൃശ്യങ്ങൾ കിട്ടിയത്. 3 ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വ്യാഴാഴ്ച രാത്രി താനും 4 അതിഥികളും ചേർന്ന് തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയിരുന്നുവെന്നാണ് പീഡനത്തിനിരയായ ഹോംസ്റ്റേ ഉടമയായ സ്ത്രീയുടെ പരാതിയിൽ പറയുന്നത്. ഇതിനിടെ ബൈക്കിലെത്തിയ 3 പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രായേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. അതിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിനിരയായ സ്ത്രീകൾ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസന്വേഷണത്തിനായി 2 പ്രത്യേക സംഘങ്ങളെ കർണാടക പൊലീസ് നിയോഗിച്ചിട്ടുണ്ട്.