Follow the FOURTH PILLAR LIVE channel on WhatsApp
ദുബായ്: ടി20 ലോകകപ്പു പോലെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടി. ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തിൽ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി മാറ്റിയ ആരാധകക്കൂട്ടത്തെ സാക്ഷിനിർത്തി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ രോഹിത് ശർമ്മയും കൂട്ടുകാരും 4 വിക്കറ്റിന് തകര്‍ത്തു. ടൂർണമെൻ്റിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിൻ്റെ ആവേശത്തിലേക്ക് കാത്തുവച്ച ക്യാപ്റ്റൻ രോഹിതും കിവി ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാരുമാണ് വിജയശില്പികൾ.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയമാണിത്. ഇക്കുറി ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചത് അഞ്ചാമത്തെ ഫൈനലാണ്. 2000ൽ ന്യൂസീലൻഡിനോടും 2017ൽ പാകിസ്താനോടും ഫൈനലിൽ തോറ്റു. 2002ൽ ശ്രീലങ്കയോടൊപ്പം സംയുക്ത ജോതാക്കളായി. 2013ൽ ഇംഗ്ലണ്ടിനെയും 2025ൽ ന്യൂസീലൻഡിനെയും തോല്പിച്ച് ജേതാക്കളായി. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. 2021ലെ ചാമ്പ്യൻസ് ട്രോഫി കോവിഡ് കാരണം നടന്നിരുന്നില്ല. അങ്ങനെ വരുമ്പോൾ 2017ലും ഫൈനൽ കളിച്ച ഇന്ത്യക്ക് ഇത് തുടർച്ചയായ രണ്ടാം ഫൈനലായിരുന്നു. 2017ലെ തോൽവിയുടെ സങ്കടം ഇപ്പോഴത്തെ വിജയത്തിൻ്റെ സന്തോഷം മായ്ച്ചുകളഞ്ഞു.
ഒരു വ്യാഴവട്ടത്തിനുശേഷം ആദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. മഹേന്ദ്ര സിങ് ധോണിക്കു ശേഷം ഒന്നിലേറെ തവണ ഐ.സി.സി. ട്രോഫി ഉയർത്തിയ ക്യാപ്റ്റനെന്നുംതുടര്‍ച്ചയായി 2 ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്നുമുള്ള ഖ്യാതിയോടെ രോഹിത് ശര്‍മ്മ തലയുയർത്തി നില്ക്കുന്നു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 7ന് 251. ഇന്ത്യ 49 ഓവറിൽ 6ന് 254.
ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും വിജയവഴിയിൽനിന്ന് തെന്നിമാറാതെ ഇന്ത്യ മുന്നേറി. തുടർച്ചയായി വിക്കറ്റ് വീണാലും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിലുറച്ചുനിൽക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം ഫൈനലിലും തുണയായി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച രോഹിത് ശർമ്മയാണ് കളിയിലെ താരം. ന്യൂസീലൻഡിൻ്റെ ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ രചിൻ രവീന്ദ്ര ടൂർണമെൻ്റിൻ്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ഫോമില്ലായ്മയുടെ പേരിൽ പഴിക്കപ്പെട്ട രോഹിത് ശർമ്മയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയായത്. തുടക്കം മുതൽ കിവി ബൗളർമാരെ കടന്നാക്രമിച്ച രോഹിത് 83 പന്തുകൾ നേരിട്ട് 3 സിക്സും 7 ഫോറും സഹിതം 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ.രാഹുലും (34) ജഡേജയും (9) ആയിരുന്നു ഇന്ത്യ ജയിക്കുമ്പോൾ ക്രീസിൽ. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മ (83 പന്തിൽ 76), ശ്രേയസ് അയ്യർ (62 പന്തിൽ 48), ശുഭ്മൻ ഗില്‍ (50 പന്തിൽ 31), അക്ഷർ പട്ടേൽ (40 പന്തിൽ 29), വിരാട് കോഹ്ലി (2 പന്തിൽ 1), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 18) എന്നിവരാണു പുറത്തായത്.
ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 105ൽ നിൽക്കെ ശുഭ്മാൻ ഗില്ലിനെ മിച്ചൽ സാൻ്റ്നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ‘അദ്ഭുത’ ക്യാച്ചിലൂടെ പുറത്താക്കിയത് വഴിത്തിരിവായി. ആ വിക്കറ്റിൻ്റെ ആവേശത്തിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ ന്യൂസീലൻഡ്, വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പുറത്താക്കി മത്സരം ആവേശകരമാക്കി. ബ്രേസ്‍വെല്ലിൻ്റെ പന്തിൽ ലെഗ് ബിഫോറായി കോഹ്ലി പുറത്തായത് ആരാധകർക്കു ഞെട്ടലായി.
സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശർമ്മ റൺ വരാത്ത സമ്മർദ്ദത്തിൽ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27ാം ഓവറിൽ രചിൻ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.
പിന്നീട് മധ്യനിരയിൽ അക്ഷർ പട്ടേലും ശ്രേയസും അയ്യരും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകൾ നേരിട്ട് 65 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 48 റൺസെടുത്ത ശ്രേയസ് അയ്യരെ രചിൻ രവീന്ദ്ര തകർപ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. സ്പിന്നർ ബ്രേസ്‍വെല്ലിനെ സിക്സർ പറത്താനുള്ള അക്ഷർ പട്ടേലിൻ്റെ ശ്രമം വിൽ ഒറൂക്കിൻ്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി. ഹാർദിക് പാണ്ഡ്യ തകർപ്പൻ സിക്സറും ഫോറും സഹിതം ആത്മവിശ്വാസം പകർന്നെങ്കിലും സ്കോർ 241ൽ നിൽക്കെ കൈൽ ജെയ്മിസൻ്റെ ബൗൺസറിൽ റിട്ടേൺ ക്യാച്ച് സമ്മാനിച്ചു മടങ്ങി. പിന്നീട് കൂടുതൽ അപകടമില്ലാതെ ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തത്. അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലന്‍ഡിൻ്റെ ടോപ് സ്കോറര്‍. 101 പന്തിൽ 63 റൺസെടുത്തു പുറത്തായ മിച്ചലിന് നേടാനായത് 3 ഫോറുകള്‍ മാത്രം. രചിൻ രവീന്ദ്ര (29 പന്തിൽ 37), ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 34), വിൽ യങ് (23 പന്തിൽ 15), കെയ്ൻ വില്യംസൻ (11 പന്തിൽ 14), ടോം ലാഥം (30 പന്തിൽ 14), മിച്ചൽ സാൻ്റ്നർ (10 പന്തിൽ 8) എന്നിങ്ങനെയാണു പുറത്തായ മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ മിച്ചൽ ബ്രേസ്‍വെല്ലിൻ്റെ ഇന്നിങ്സാണ് ന്യൂസീലൻഡിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്. 40 പന്തിൽ 53 റൺസെടുത്ത ബ്രേസ്‍വെൽ പുറത്താകാതെ നിന്നു.
ആദ്യ ഏഴോവറുകളിൽ ന്യൂസീലൻഡ് 50 റൺസ് കടന്നു. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും എറിഞ്ഞ ആദ്യ ഓവറുകളിൽ ന്യൂസീലൻഡ് തകര്‍ത്തടിച്ചതോടെ രോഹിത് സ്പിന്നർമാരെ ഇറക്കി. വരുൺ ചക്രവര്‍ത്തിയെറിഞ്ഞ എട്ടാം ഓവറിൽ വില്‍ യങ് എൽ.ബി.ഡബ്ല്യു. ആകുകയായിരുന്നു. 11ാം ഓവറിൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കുൽദീപ് യാദവ് രചിൻ രവീന്ദ്രയെ ബൗൾഡാക്കി. പിന്നാലെ കെയ്ൻ വില്യംസനെ സ്വന്തം പന്തിൽ കുൽദീപ് പിടിച്ചെടുത്തു. പിന്നീട് കൂടുതൽ വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാനായി ന്യൂസീലൻഡിൻ്റെ ശ്രമങ്ങൾ. 14 റൺസെടുത്ത ടോം ലാഥമിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി.
ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും കൈകോർത്തപ്പോൾ വിക്കറ്റുപോകാതെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുക എന്നതായിരുന്നു ന്യൂസീലൻഡിൻ്റെ ലക്ഷ്യം. 87 പന്തുകൾ നേരിട്ട ഈ സഖ്യം 57 റണ്‍സ് അടിച്ചെടുത്തു. വരുൺ ചക്രവർത്തിയെറിഞ്ഞ 38ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് ബൗൾഡാകുകയായിരുന്നു.
44.4 ഓവറിൽ കിവീസ് സ്കോർ 200 പിന്നിട്ടു. വീണ്ടും പേസർമാരെത്തിയതോടെയാണ് ന്യൂസീലൻഡ് ബാറ്റർമാർ ഒന്നുണര്‍ന്നതുതന്നെ. ബൗണ്ടറികൾ കണ്ടെത്തി, എന്നാൽ അതും അധിക സമയം നീണ്ടില്ല. മുഹമ്മദ് ഷമിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡാരിൽ മിച്ചലിനെ ക്യാപ്റ്റൻ രോഹിത് ശർമ്മ പിടിച്ചെടുത്തു. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ റണ്ണൗട്ടായി. അവസാന 5 ഓവറുകളിൽ 50 റൺസാണ് കിവീസ് ബാറ്റർമാർ അടിച്ചെടുത്തത്. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും 2 വിക്കറ്റുകൾ വീതവും രവീന്ദ്ര ജഡേജ 1 വിക്കറ്റും നേടി. മുഹമ്മദ് ഷമിക്കും 1 വിക്കറ്റുണ്ട്.
ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെൻ്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലിനിറങ്ങിയത്. അതേസമയം ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയോട് തോറ്റിരുന്നു.