29 C
Trivandrum
Friday, March 14, 2025

ദക്ഷിണാഫ്രിക്കയ്ക്കു വീണ്ടും നോക്കൗട്ട് ദുരന്തം; ഇന്ത്യക്ക് എതിരാളി കിവീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

ലാഹോര്‍: പ്രധാന ടൂർണമെൻ്റുകളുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം നോക്കൗട്ടിൽ കാലിടറുന്ന ദക്ഷിണാഫ്രിക്കൻ പതിവ് ചാമ്പ്യൻസ് ട്രോഫിയിലും ആവർത്തിച്ചു. രണ്ടാം സെമി ഫൈനലിൽ അവർ ന്യൂസീലൻഡിനോട് 50 റൺസിന് തോറ്റു. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസീലന്‍ഡും കിരീടത്തിനായി മത്സരിക്കും.

സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 6ന് 362. ദക്ഷിണാഫ്രിക്ക 50 ഓവറിൽ 9ന് 312. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസൻ്റെയും സെഞ്ച്വറികള്‍ക്കൊപ്പം പന്തുകൊണ്ട് ക്യാപ്റ്റന്‍ മിച്ചല്‍ സാൻ്റ്‌നറും കളംനിറഞ്ഞപ്പോള്‍ കിവീസിന് മത്സരത്തിൽ വ്യക്തമായ ആധിപത്യമായി. മറുഭാഗത്ത് സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടെ പോരാട്ടം വിഫലമായി.

വിജയിക്കാൻ 363 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ മുന്‍നിര ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടതാണ്തിരിച്ചടിയായത്. വമ്പനടിക്കാരനായ ഹെൻറിച്ച് ക്ലാസനും പെരുമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയി. 2015ലെ ലോകകപ്പ് സെമിയിലും ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു കിവീസിൻ്റെ ഫൈനല്‍ പ്രവേശനം.

അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണത്തിനൊടുവില്‍ സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ് സ്‌കോറര്‍. 67 പന്തുകള്‍ നേരിട്ട മില്ലര്‍ 4 സിക്‌സും 10 ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു. റാസ്സി വാന്‍ഡെര്‍ ദസ്സന്‍ 66 പന്തില്‍ നിന്ന് 2 സിക്‌സും 4 ഫോറുമടക്കം 69 റണ്‍സെടുത്തു. 71 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ടെംബ ബവുമ 1 സിക്‌സും 4 ഫോറുമടക്കം 56 റണ്‍സ് നേടി.

10 ഓവറില്‍ 43 റണ്‍സിന് 3 പ്രധാന വിക്കറ്റുകളെടുത്ത കിവി ക്യാപ്റ്റന്‍ സാൻ്റ്‌നറാണ് പ്രോട്ടീസിനെ തകര്‍ത്തുകളഞ്ഞത്. മാറ്റ് ഹെൻ്റിയും ഗ്ലെന്‍ ഫിലിപ്‌സും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിരുന്നു. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസൻ്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിൻ്റെയും ഗ്ലെന്‍ ഫിലിപ്സിൻ്റെയും ഇന്നിങ്സുകളുമാണ് കിവീസിന് കരുത്തായത്.

കിവീസിൻ്റേത് മികച്ച തുടക്കമായിരുന്നു. വില്‍ യങ് – രചിന്‍ രവീന്ദ്ര ഓപ്പണിങ് സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യങ്ങിനെ ലുങ്കി എന്‍ഗിഡി മടക്കി.

എന്നാല്‍, രചിനൊപ്പം രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ എത്തിയതോടെ കിവീസിൻ്റെ ബാറ്റിങ് വിരുന്നായിരുന്നു. രചിന്‍ യഥേഷ്ടം റണ്‍സടിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ വില്യംസണ്‍ നിലയുറപ്പിച്ച ശേഷം ഗിയര്‍ മാറ്റി. ഇരുവരും ചേര്‍ന്നെടുത്ത 164 റണ്‍സാണ് കിവീസ് ഇന്നിങ്സിൻ്റെ നട്ടെല്ല്. അഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച രചിന്‍ 101 പന്തില്‍നിന്ന് 1 സിക്സും 13 ഫോറുമടക്കം 108 റണ്‍സെടുത്തു. 34ാം ഓവറില്‍ രചിനെ പുറത്താക്കി കാഗിസോ റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

15ാം സെഞ്ചുറി കുറിച്ച വില്യംസണ്‍ 94 പന്തില്‍ നിന്ന് 102 റണ്‍സെടുത്തു. 2 സിക്സും 10 ഫോറുമടങ്ങുന്നതായിരുന്നു വില്യംസൻ്റെ ഇന്നിങ്സ്. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ ടോം ലാഥവും (4) മടങ്ങി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ കിവീസിൻ്റെ റണ്‍റേറ്റ് ഇടയ്ക്ക് താഴ്ന്നു. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ – ഗ്ലെന്‍ ഫിലിപ്സ് സഖ്യം കിവീസ് ഇന്നിങ്സിനെ വീണ്ടും ടോപ് ഗിയറിലാക്കി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 300 കടത്തിയത്. പിന്നാലെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ മിച്ചല്‍ മടങ്ങി. 37 പന്തില്‍ നിന്ന് 1 സിക്സും 4 ഫോറുമടക്കം 49 റണ്‍സായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസ് സ്‌കോര്‍ 362ല്‍ എത്തിച്ചത്. 27 പന്തുകള്‍ നേരിട്ട ഫിലിപ്സ് 1 സിക്സും 6 ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും റബാദ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Recent Articles

Related Articles

Special

Enable Notifications OK No thanks