29 C
Trivandrum
Wednesday, March 12, 2025

സിനിമയിലെ വയലൻസ്: ജ​ഗദീഷിനെ വിമർശിച്ച് എം.എ.നിഷാദ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സിനിമകളിലെ വയലൻസ് പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനത്തേക്കുറിച്ച് നടൻ ജ​ഗദീഷ് വാർത്താ സമ്മേളനത്തിൽ രേഖപ്പെടുത്തിയ അഭിപ്രായത്തെ വിമർശിച്ച് നടനും സംവിധായകനുമായ എം.എ.നിഷാദ്. സിനിമകളിലെ അക്രമരം​ഗങ്ങൾ ആളുകളെ സ്വാധീനിക്കുമെന്നും വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായതുകൊണ്ട് ജഗദീഷ് സിനിമകളിലെ വയലൻസിനെ വല്ലാതെ ന്യായീകരിക്കരുതെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സിനിമകളിലെ വയലൻസ് ആളുകളെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അതിലെ നന്മയും സ്വാധീനിക്കണ്ടേ എന്നായിരുന്നു ജ​ഗദീഷിൻ്റെ വാക്കുകൾ.

എം.എ.നിഷാദിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം

വിയോജിപ്പ്.. അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ… താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല… വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലേ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ… തിന്മയോടുളള ആസക്തി.. അതാണ് പൊതുവിൽ കണ്ട് വരുന്നത്.. ഇത് ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു… കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലോ… അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിൻ്റേത്…

കാലം മാറി… ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്… താങ്കൾക്ക് ഈ കെട്ട കാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്.. അല്ലായെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല… സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിൻ്റെ തെളിവാണ് സമീപ കാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലേ എന്ന ചോദ്യത്തിൻ്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട് എനിക്ക് ഉത്തരം നൽകാം… ഒരു വാദപ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്.. അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുംകൂടി കാര്യ ഗൗരവത്തോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എൻ്റെ അഭ്യർത്ഥന.

ഏതൊരു വ്യക്തിക്കും സാമൂഹികപ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ ഞാൻ പൂർണ്ണമനസ്സോടെ ഉൾക്കൊളളുന്നു. ധ്യാൻ ശ്രീനിവാസൻ്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽവെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്ന് വെക്കുന്നത് നന്നായിരിക്കും. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്… അത് പോലെ തന്നെയാണ് സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ് രംഗങ്ങളും മയക്കുമരുന്നുപയോഗവും. എതിർക്കപ്പെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ…

സാന്ദർഭികമായി പറയട്ടെ, മലയാളം കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ… പക്ഷേ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല..

Recent Articles

Related Articles

Special

Enable Notifications OK No thanks