Follow the FOURTH PILLAR LIVE channel on WhatsApp
ദുബായ്: അഹമ്മദാബാദിലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ദുബായിലെ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസീസിനോടു കണക്കുതീർത്ത് ഇന്ത്യ. ഓസ്ട്രേലിയയെ 4 വിക്കറ്റിനു കെട്ടുകെട്ടിച്ച ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലില്‍ കടന്നു. സെഞ്ച്വറിക്കൊപ്പം മാറ്റുള്ള 84 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്പിയും കളിയിലെ താരവും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 11 പന്തും 4 വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ന്യൂസീലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
ലോകകപ്പും ചാംപ്യൻസ് ട്രോഫിയും ഉൾപ്പെടെയുള്ള ഐ.സി.സി. ഏകദിന ടൂർണമെൻ്റുകളുടെ നോക്കൗട്ടിൽ ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറെന്ന സ്വന്തം റെക്കോഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കി. 2011ലെ ഏകദിന ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യ 261 റൺസ് പിന്തുടർന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയർന്ന റൺചേസ്. ഇത്തവണ അത് 265 റൺസാക്കി ഉയർത്തിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലി ഒരിക്കല്‍ കൂടി മത്സരങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കുന്നതിലെ തൻ്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തില്‍ ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളും നിര്‍ണായകമായി. 98 പന്തിൽ നിന്നാണ് കോഹ്ലിയുടെ 84 റൺസ് വന്നത്. അതിൽ വെറും 4 ബൗണ്ടറികൾ മാത്രം.
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (8) നഷ്ടമായി. അതേസമയം ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ എട്ടാം ഓവറില്‍ കൂപ്പര്‍ കൊന്നോലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 29 പന്തില്‍ നിന്ന് 1 സിക്‌സും 3 ഫോറുമടക്കം 28 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്ലി – ശ്രേയസ് അയ്യര്‍ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. ഇതിനിടെ അര്‍ധ സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തില്‍ നിന്ന് 3 ഫോറടക്കം 45 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങിയത്.
അയ്യര്‍ പുറത്തായ ശേഷം അഞ്ചാമന്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. സ്‌കോര്‍ 178ല്‍ നില്‍ക്കേ അക്ഷറിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 30 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത അക്ഷര്‍, നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 44 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് 47 റണ്‍സ് ചേര്‍ത്ത കോഹ്ലി ടീം സ്‌കോര്‍ 200 കടത്തി. 43ാം ഓവറില്‍ സെഞ്ച്വറിയിലേക്ക് 16 റണ്‍സകലെ കോഹ്ലി മടങ്ങിയ ശേഷം രാഹുലും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുല്‍ 34 പന്തില്‍ നിന്ന് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 3 സിക്‌സും 1 ഫോറുമടക്കം 28 റണ്‍സെടുത്തു. ഓസീസിനായി നഥാന്‍ എല്ലിസ് 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറികൾ നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് കാരിയുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ട്രാവിസ് ഹെഡ്, മാർനസ് ലബുഷെയ്ൻ, അലക്സ കാരി എന്നിവർക്കൊപ്പം സ്മിത്ത് സൃഷ്ടിച്ച അർധസെഞ്ച്വറി കൂട്ടുകെട്ടുകൾ ഓസീസിനെ താങ്ങിനിർത്തി.
96 പന്തില്‍ നിന്ന് 1 സിക്‌സും 4 ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിൻ്റെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി 1 സിക്‌സും 8 ഫോറുമടക്കം 61 റണ്‍സെടുത്തു. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാര്‍നസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്ത്തി.