29 C
Trivandrum
Friday, March 14, 2025

രഞ്ജി ട്രോഫി വിദർഭയ്ക്ക്; കേരളത്തിന് തലയുയർത്തി മടക്കം

Follow the FOURTH PILLAR LIVE channel on WhatsApp 

നാഗ്‌പുർ: കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ. ആദ്യ ഇന്നിങ്സിലെ 37 റൺസിൻ്റെ ലീഡ് മുൻതൂക്കത്തിൽ വിദർഭയ്ക്ക് കിരീടം. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളത്തിന് അഭിമാനത്തോടെ മടങ്ങാം. ഫൈനലിൽ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കേരള താരങ്ങൾക്ക് കഴിഞ്ഞു. അഞ്ചാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിദർഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്‌. 2018, 2019 വർഷങ്ങളിലായിരുന്നു രഞ്ജിയിലെ വിദർഭയുടെ ഇതിന്‌ മുന്നേയുള്ള കിരീട നേട്ടം. കഴിഞ്ഞ തവണ ഫൈനൽ വരെയെത്താനും ടീമിന്‌ സാധിച്ചിരുന്നു.

ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളം 379 റണ്‍സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മാലേവറിൻ്റെ സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് ബലമായത്. മറുപടി ബാറ്റിങ്ങില്‍ കേരളം 342 റണ്‍സിന് പുറത്തായി. രണ്ടാമിന്നിങ്സിൽ വിദർഭയുടെ 9 വിക്കറ്റുകൾ കേരളത്തിന്‌ വീഴ്‌ത്താൻ സാധിച്ചെങ്കിലും അവസാന വിക്കറ്റ്‌ എടുക്കുന്നതിൽ താമസമുണ്ടായപ്പോൾ കേരളം സമനിലയ്‌ക്ക്‌ സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഇതേരീതിയിൽ വിദർഭയുടെ 10ാം വിക്കറ്റ്‌ നീണ്ടുപോയതാണ്‌ കേരളത്തിന്‌ മത്സരത്തിൽ തിരിച്ചടിയായത്‌.

വിദര്‍ഭയ്ക്കായി 2 ഇന്നിങ്‌സിലും മലപോലെ നിലയുറച്ച മറുനാടന്‍ മലയാളിയായ കരുണ്‍ നായരും ഡാനിഷ് മാലേവറുമാണ് ഈ കളിയെ ഈ വിധം മാറ്റിമറിച്ചത്. ആ കൂട്ടുകെട്ടാണ് കേരളത്തില്‍നിന്ന് കിരീടം അകറ്റിയതെന്നു പറയാം. രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ 2 വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ പ്രതീക്ഷ നൽകി. 1 റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും 5 റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. 2 വിക്കറ്റിന് 7 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ടാണ്.

അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ചുറി പൂർത്തിയാക്കി. 135 റൺസാണ്‌ താരം നേടിയത്‌. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഡാനിഷാണ്‌ കളിയിലെ താരം.

രഞ്ജിയിലെ രാജാക്കന്മാരായ മുംബൈയെ അടക്കം തകര്‍ത്ത് ഫൈനലിലെത്തിയ ടീമാണ് വിദര്‍ഭ. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം മിന്നും വിജയങ്ങള്‍ നേടിയെത്തിയ ടീമിനെതിരേ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാന്‍ കേരളത്തിന് കഴിഞ്ഞു എന്നതില്‍ അഭിമാനിക്കാം. ആദ്യമായി ഫൈനലിലെത്തിയ ടീമിൻ്റെ ശരീരഭാഷയൊന്നുമായിരുന്നില്ല കേരളം പ്രകടിപ്പിച്ചത്. വിദര്‍ഭയെ, അവരുടെ നാട്ടില്‍ നടക്കുന്ന ഫൈനലില്‍, ഒന്നാം ഇന്നിങ്‌സില്‍ വിറപ്പിക്കാന്‍ കേരളത്തിനായി. വെറും 37 റണ്‍സ് അകലെ പത്തുപേരും പുറത്തായതാണ് കിരീടം കേരളത്തില്‍നിന്ന് അന്യമാക്കിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks