29 C
Trivandrum
Friday, March 14, 2025

കിവികളെ ഇന്ത്യ കറക്കി വീഴ്ത്തി; സെമിയിൽ കങ്കാരുക്കളെ നേരിടും

Follow the FOURTH PILLAR LIVE channel on WhatsApp 

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മൂന്നാം ജയം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനെ സ്പിന്നര്‍മാരുടെ മികവില്‍ 45.3 ഓവറില്‍ 205 റണ്‍സിന് കറക്കി വീഴ്ത്തിയാണ് ഇന്ത്യ ഗ്രൂപ്പിലെ ഒന്നാമന്‍മാരായി സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 9ന് 249. ന്യൂസീലന്‍ഡ് 45.3 ഓവറില്‍ 205ന് പുറത്ത്.

ഇതോടെ സെമിയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ ആകും ഇന്ത്യയുടെ എതിരാളികള്‍. ചൊവ്വാഴ്ച ദുബായിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ സെമി. രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും.

ഇന്ത്യക്കെതിരെ കിവീസിനായി കെയ്ന്‍ വില്യംസണ്‍(81) മാത്രമാണ് പൊരുതിയത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തി 42 റണ്‍സ് വഴങ്ങി അഞ്ചും കുല്‍ദീപ് രണ്ടും ജഡേജയും അക്സറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

താരതമ്യേന അനായാസമെന്നു തോന്നിച്ച ലക്ഷ്യം പിന്തുടർന്ന കിവീസിന് നാലാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച രചിന്‍ രവീന്ദ്രയെ(6) തേര്‍ഡ് മാനില്‍ അക്സര്‍ പട്ടേല്‍ ഓടിപ്പിടിച്ചു. വില്‍ യംഗും വില്യംസണും ചേര്‍ന്ന് പിടിച്ചു നിന്നെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താന്‍ ബുദ്ധിമുട്ടി. വില്‍ യംഗിനെ(22) ബൗള്‍ഡാക്കിയാണ് വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ട തുടങ്ങിയത്. അപ്പോൾ കിവീസ് സ്കോര്‍ 50 കടന്നിരുന്നില്ല. ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന കൂട്ടുകെട്ട് കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ(17) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്സ് (12), മൈക്കല്‍ ബ്രേസ്‌വെൽ (2) എന്നിവരെ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി ന്യൂസീലന്‍ന്‍ഡിന്‍റെ നടുവൊടിച്ചു.

അപ്പോഴും ഒരറ്റത്ത് പൊരുതി നിന്ന വില്യംസണില്‍ കിവികൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച വില്യംസണെ(81) അക്സറിന്‍റെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 169-7ലേക്ക് വീണ് തോല്‍വി ഉറപ്പിച്ച കിവീസിനെ ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍(23) പ്രതീക്ഷ നല്‍കിയെങ്കിലും വരുണ്‍ ചക്രവര്‍ത്തി തന്നെ ആ കൂട്ടുകെട്ടും തകര്‍ത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിൽ 249 റണ്‍സെടുത്തു. 79റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍ 42 റണ്‍സെടുത്തപ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ 45 റണ്‍സടിച്ചു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവരെ ഏഴോവറിനുള്ളില്‍ നഷ്ടമായി 30-3 എന്ന സ്കോറിലേക്ക് വീണ ഇന്ത്യയെ ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks