Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം.
6 വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു റസൽ. 1 മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍.വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുത്തത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു.
1981ൽ പാർട്ടിയംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും 7 വർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.
ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2000-05ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. 2006ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സി.പി.എം. അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
























