Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: വടകരയില്‍ വാഹനം ഇടിച്ച് സ്ത്രീ മരിക്കുകയും കൊച്ചുമകളായ 9കാരി കോമയിലാവുകയും ചെയ്ത അപകടത്തിൽ കാര്‍ ഡ്രൈവർ പിടിയില്‍. പുറമേരി സ്വദേശി ഷജീല്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. യു.എ.ഇയിലായിരുന്ന ഷജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് നടപടി.
2024 ഫെബ്രുവരി 17 രാത്രിയാണ് ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന 9കാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. രാത്രി 9 മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ചോറോട് അമൃതാനന്ദമയി മഠം സ്റ്റോപ്പിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
അപകടം നടന്നശേഷം പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്. അപകടം നടന്ന് 9 മാസത്തിന് ശേഷമായിരുന്നു ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ച കാറും ഉടമയെയും തിരിച്ചറിഞ്ഞത്. 19,000 വാഹനങ്ങളില്‍നിന്നാണ് അപകടമുണ്ടാക്കിയ കാര്‍ തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് ഷജിലിനു വേണ്ടി പൊലീസ് നേരത്തെതന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷജീലിനെ വടകര പൊലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജ തെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കല്‍ എന്നീ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.