29 C
Trivandrum
Wednesday, March 12, 2025

സ്വകാര്യ സർവകലാശാല കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് 2025 മന്ത്രിസഭാ യോഗം അംഗീകരിച്ചു.

സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ

    1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
    2. സർവകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
    3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.
    4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.
    5. സർവകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യു.ജി.സി., സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.
    6. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
    7. പട്ടിക ജാതി-വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും.

അപേക്ഷാ നടപടിക്രമങ്ങൾ

    1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക.
    2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
    3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.
    4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (ചെയർപേഴ്സൺ), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി, ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കളക്ടർ (അംഗങ്ങൾ) എന്നിവർ അംഗങ്ങളാകും.
    5. വിദഗ്ദ്ധ സമിതി 2 മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം.
    6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിങ് ബോഡിയെ അറിയിക്കും.
    7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.
    8. സ്വകാര്യ സർവകലാശാലകൾക്ക് മറ്റ് പൊതു സർവകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും.

മറ്റ് നിബന്ധനകൾ

    1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.
    2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവകലാശാലയുടെ ഗവേണിങ് കൗൺസിലിൽ ഉണ്ടായിരിക്കും.
    3. സംസ്ഥാന സർക്കാരിൻ്റെ ഒരു നോമിനി സ്വകാര്യ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും.
    4. സംസ്ഥാന സർക്കാരിൻ്റെ 3 നോമിനികൾ സ്വകാര്യ സർവകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.
    5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.
    6. പ്രോവിഡൻ്റ് ഫണ്ട് ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.

നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി

2025 ജനുവരി 22ലെ മന്ത്രിസഭായോഗം അംഗീകരിച്ച സർവകലാശാല നിയമ (ഭേദഗതി) (നം.1) ബിൽ 2025, സർവകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.

സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ നിയമം നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപവത്കരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപവത്കരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

2025 ജനുവരി 2ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാനും തീരുമാനിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks