Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്ണ നഗർ പൗർണമിയിൽ ആർ.എൽ.ആദർശ് (36) മരിച്ചു. സി.പി.എം. സംസ്ഥാന സമിതി അംഗവും വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എസ്.രാജേന്ദ്രൻ്റെ മകനാണ്.
ഞായറാഴ്ച രാത്രി 9.15ഓടെ പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ വടക്ക് മൈലപ്രയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റാന്നി ഭാഗത്തു നിന്നും വരികയായിരുന്ന കാറില്‍ ആദര്‍ശ് മാത്രമാണുണ്ടായിരുന്നത്. സിമന്റ് കയറ്റി എതിര് ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്.
മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന കാറില്‍ നിന്ന് ഓടിക്കൂടിയവര്‍ക്ക് ആദര്‍ശിനെ പുറത്തിറക്കാനായില്ല. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ 45 മിനിറ്റോളം ഗതാഗതകുരുക്കുണ്ടായി. ഇത് പിന്നീട് പുനഃസ്ഥാപിച്ചു.
തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ് ആദർശ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ.ഭാര്യ: മേഘ, മകന്: ആര്യന്, സഹോദരന്: ഡോ.ആശിഷ്.