Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിലെ പങ്കാളികളായ എ.എ.പിയും കോൺഗ്രസും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച് ബി.ജെ.പിയെ ജയിപ്പിച്ചതിനെ പരിഹസിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ആദ്യ ലീഡ് നിലയിൽ ബി.ജെ.പിക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ എക്‌സിൽ മീം പങ്കുവച്ച് കൊണ്ടായിരുന്നു ഒമർ അബ്‌ദുള്ളയുടെ പരിഹാസം.
‘മനസ്സു നിറയും വരെ അടികൂടൂ, പരസ്പരം തീർത്തുകളയൂ’ എന്ന മീമാണ് ഒമർ പങ്കുവെച്ചത്. ‘നിങ്ങള്‍ തമ്മിലടി തുടരൂ’ എന്ന് എഴുതിയിട്ടുമുണ്ട്.
Aur lado aapas mein!!! https://t.co/f3wbM1DYxk pic.twitter.com/8Yu9WK4k0c
— Omar Abdullah (@OmarAbdullah) February 8, 2025
2015 മുതല്‍ സംസ്ഥാനം ഡൽഹി ഭരിക്കുന്ന എ.എ.പിയെ പല തരത്തിലും വീര്‍പ്പുമുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നത്. അതിനൊപ്പം കോണ്‍ഗ്രസും ചേർന്നതോടെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കനുകൂലമായി മാറുന്ന സ്ഥിതിയായി. എ.എ.പിയെയും അരവിന്ദ് കേജ്രിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്.
കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1 സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണമാകുമെന്ന് ആദ്യമേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഫലസൂചന വന്നപ്പോൾ ആ വിലയിരുത്തൽ ശരിയാകുന്ന നിലയാണ്.