29 C
Trivandrum
Wednesday, March 12, 2025

തലസ്ഥാനവും കീഴടക്കി ബി.ജെ.പി., കോൺഗ്രസ് ‘സംപൂജ്യർ’

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തകർപ്പൻ വിജയം. ആകെയുള്ള 70 സീറ്റുകളിൽ 48ലും വിജയം നേടിയാണ് ബി.ജെ.പി. 27 വർഷത്തിന് ശേഷം ഡൽഹിയിൽ ഭരണം പിടിക്കുന്നത്. ഒരു പതിറ്റാണ്ടോളം നീണ്ട ആം ആദ്മി പാർട്ടി ഭരണത്തിന് വിരാമം. 2015ല്‍ 3 സീറ്റും 2020ല്‍ 8 സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി. 48 സീറ്റുകളാണ് ഇത്തവണ നേടിയത്. എ.എ.പി. 22 സീറ്റിലൊതുങ്ങി. അവരുടെ ദേശീയ മുഖമായ അരവിന്ദ് കേജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പരാജയപ്പെടുത്താൻ കഴിഞ്ഞത് ബി.ജെ.പി. വിജയത്തിന് തിളക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയം കോൺഗ്രസ് ‘സംപൂജ്യർ’ ആണ്.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ തങ്ങൾ എ.എ.പിക്കൊപ്പമല്ലെന്ന് കൂടിയാണ് ഡൽഹി ജനത വിധിയെഴുതിയിരിക്കുന്നത്. അഴിമതിക്കെതിരെ തുടങ്ങിയവര്‍ അഴിമതിയുടെ കറപുരണ്ടത് ജനം മറന്നില്ല. ക്ഷേമവാഗ്ദാനങ്ങളിലൂടെ മധ്യവര്‍ഗത്തിന്റേയും ദരിദ്രവിഭാഗങ്ങളുടേയും പിന്തുണ നിലനിർത്താമെന്ന എ.എ.പിയുടെ പ്രതീക്ഷ തെറ്റി. വാഗ്ദാനങ്ങളില്‍ എ.എ.പിയെ ബി.ജെ.പി. മറികടന്നു. 2,100 രൂപ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് എ.എ.പി. പറഞ്ഞപ്പോള്‍ ബി.ജെ.പി. അത് 2,500 ആക്കി.

ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനമാണ് ഡൽഹിയിൽ വലിയ സ്വാധീനം ചെലുത്തിയതെന്നു കാണാം. മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രിക നേരത്തേ എ.എ.പി. പുറത്തിക്കിയിരുന്നു. രാജ്യത്തെ ഇടത്തരക്കാർ കേന്ദ്ര സർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് കേജ്രിവാൾ പത്രികയിറക്കിയത്. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ പോർട്ടലുമിറക്കി. ആ നീക്കത്തിന് ബജറ്റിലെ ചരിത്രപ്രഖ്യാപനത്തിലൂടെ ബി.ജെ.പി. നൽകിയ മറുപടി ഫലം കണ്ടു.

അടിസ്ഥാനസൗകര്യമേഖലകളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാത്തതും വായുമലിനീകരണം നേരിടാന്‍ കഴിയാത്തതും എ.എ.പിക്ക് വിനയായി. അത് കൃത്യമായി മുതലെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. പ്രതാപം വീണ്ടെടുക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹത്തിനും തിരിച്ചടിയേറ്റു.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയിൽ കണ്ടത്‌. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും എ.എ.പി. അങ്കലാപ്പിലായി. ആദ്യ ഘട്ടത്തില്‍ കേജ്രിവാളും അതിഷിയും സിസോദിയുമടക്കമുള്ള എ.എ.പി. നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി. കുതിപ്പ് നടത്തിയതോടെ ചിത്രം തെളിഞ്ഞുവന്നു. അവിടത്തെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി. മുന്നിട്ടുനിന്നു. എ.എ.പി. ശക്തി കേന്ദ്രങ്ങളിലെല്ലാം ബി.ജെ.പി. വലിയ മുന്നേറ്റമാണ് നടത്തിയത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് സാഹിബ് സിങ്ങും ജംഗ്പുരയിൽ മനീഷ് സിസോദിയയെ അടിയറവ് പറയിപ്പിച്ച തർവീന്ദർ സിങ് മർവയുമാണ് ബി.ജെ.പിയുടെ ജയൻ്റ് കില്ലേഴ്സ്.

Recent Articles

Related Articles

Special

Enable Notifications OK No thanks