Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: റിസർവ് ബാങ്ക് നടപ്പുസാമ്പത്തികവർഷം ആറാമത്തെ പണനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം അഥവാ 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.5ൽ നിന്ന് 6.25 ശതമാനമാകും.
പണപ്പെരുപ്പം കുറയ്ക്കാനെന്നപേരിൽ തുടർച്ചയായി 11 തവണ മാറ്റമില്ലാതെ നിലനിർത്തിയശേഷമാണ് റിപ്പോ കാൽശതമാനം കുറച്ചത്. 5 വർഷത്തിനുള്ളിൽ ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നത്.
റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമ്പോൾ ഭവന, വാഹന, വിദ്യാഭ്യാസ വായ്പ അടക്കമുള്ളവയുടെ പലിശനിരക്കിലും കുറവുവരും. ബാങ്കുകൾ പലിശകുറച്ചാല് മാസതിരിച്ചടവ് തുക (ഇ.എം.ഐ.) കുറയുന്നത് വായ്പയെടുത്തവർക്ക് ആശ്വാസമാകും.
ഉദാഹരണമായി 20 വർഷത്തേക്ക് 9 ശതമാനം പലിശയിൽ എടുത്ത 25 ലക്ഷം രൂപയുടെ ഭവനവായ്പാ പലിശ 0.25 ശതമാനം കുറഞ്ഞ് 8.75 ശതമാനമായാല്‍ ഇ.എം.ഐ. 400 രൂപ കുറയും. 2019 ഒക്ടോബർ ഒന്നിനുശേഷം എടുത്ത ഫ്ലോട്ടിങ് നിരക്കിലുള്ള റീടെയ്ൽ വായ്പാ പലിശയാണ് കുറയുക. എന്നാല്‍, നിക്ഷേപങ്ങളുടെ പലിശയും കുറയുമെന്നത് ഉപജീവനത്തിന് നിക്ഷേപ പലിശയെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് തിരിച്ചടിയാകും.
പണപ്പെരുപ്പ നിരക്ക് താഴുന്നതാണ് നിരക്ക് കുറയ്ക്കാൻ കാരണമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 4.8 ശതമാനമായിരിക്കുമെന്നും പറയുന്നു. അടുത്ത സാമ്പത്തികവർഷത്തെ ജി.ഡി.പി. വളർച്ച 6.7 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തൽ.