29 C
Trivandrum
Wednesday, March 12, 2025

നാടുകടത്തലില്‍ അമേരിക്കയെ ന്യായീകരിച്ച് ഇന്ത്യ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ സഭയില്‍ അമേരിക്കയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. തിരിച്ചെത്തുന്നവരെ ഇന്ത്യ സംരക്ഷിക്കും. അമേരിക്ക ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത്. 2009 മുതല്‍ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

2012 മുതല്‍ അമേരിക്കന്‍ വിമാനത്തില്‍ തന്നെയാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇത് പുതിയ സംഭവമല്ല. കൈവിലങ്ങുവെച്ചത് അമേരിക്കന്‍ സര്‍ക്കാര്‍ നയം. നാടുകടത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങുവെച്ചില്ലെന്നും ജയശങ്കര്‍ ന്യായീകരിച്ചു.

104 പേരെ നാടുകടത്തിയത് ഇന്ത്യയുടെ അറിവോടെയാണ്. എല്ലാവരുടെയും പൗരത്വം ഇന്ത്യ ഉറപ്പാക്കിയിരുന്നു. അതിന് ശേഷമാണ് അമേരിക്കന്‍ വിമാനത്തിന് ലാന്‍ഡിങ് ക്ലിയറന്‍സ് നല്‍കിയത്. ഇവര്‍ എങ്ങനെയാണ് അമേരിക്കയിലേക്ക് പോയതെന്ന് അന്വേഷിക്കും. നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ തടയണം. നയതന്ത്രപരമായി താന്‍ പറയുന്നത് ശരിയാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.

എന്നാല്‍ അമേരിക്കയുടെ നടപടിയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയർത്തി. തീവ്രവാദികളെപ്പോലെയാണോ പെരുമാറേണ്ടിയിരുന്നതെന്നാണ് കോൺഗ്രസ് നേതാവ് രണ്‍ദീപ് സുർജേവാലയുടെ ചോദ്യം. കൊളംബിയ എല്ലാവരെയും ഹൃദയം കൊണ്ടാണ് സ്വാഗതം ചെയ്യുന്നത്. അപ്പോഴാണ് ഉപജീവനം തേടിപ്പോയവരെ അമേരിക്ക തീവ്രവാദികളെപ്പോലെ പെരുമാറിയതെന്നും സുർജേവാല പറഞ്ഞു.

നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കാറില്ലെന്ന് സി.പി.എമ്മിൻ്റെ ഡോ.ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണോ അമേരിക്കയുടെ നാടുകടത്തല്‍. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന അനധികൃത ഏജന്റുമാര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

നാടുകടത്തപ്പെട്ടവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ തിരിച്ചുകിട്ടാന്‍ നടപടിയുണ്ടാകുമോയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ വര്‍മ്മ ചോദിച്ചു. അമേരിക്കയില്‍ എത്ര അനധികൃത കുടിയേറ്റക്കാരുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ സ്ഥിതി എന്താണെന്നും വ്യക്തമാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡി.എം.കെ. പറഞ്ഞു. നാടുകടത്തല്‍ വര്‍ധിച്ചുവരികയാണെന്നും അമേരിക്കയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിരവധി ഇന്ത്യക്കാന്‍ കൊല്ലപ്പെട്ടുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks