Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എ.ഐ. ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന കേരള ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റിലാണ് (കാറ്റ്സ് 2025) ഈ അഭിപ്രായമുയര്‍ന്നത്. കെ.എസ്.ഐ.ഡി.സിയുമായി സഹകരിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) ആണ് പരിപാടി സംഘടിപ്പിച്ചത്.
ഓട്ടോമേഷന്‍ മൊബിലിറ്റി മേഖലയില്‍ രാജ്യം വളരെയധികം മുന്‍പന്തിയിലാണെന്ന് കോണ്ടിനെന്‍റല്‍ ഓട്ടോമോട്ടീവ് കമ്പോണന്‍റ്സിലെ ടെക്നിക്കല്‍ സെന്‍റര്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് ലത ചെമ്പ്രകലം പറഞ്ഞു. രാജ്യത്തിന്‍റെ മൊത്തം ജി.ഡി.പിയുടെ 7.1 ശതമാനം സംഭാവന ചെയ്യുന്നത് ഓട്ടോമോട്ടീവ് വ്യവസായത്തില്‍ നിന്നാണ്. 3.7 ദശലക്ഷം തൊഴിലവസരങ്ങളും രാജ്യത്തിന്‍റെ മൊത്തം കയറ്റുമതിയില്‍ 4.7 ശതമാനം വിഹിതവുമുണ്ട്.
സോഫ്ട്വെയര്‍, ഹാര്‍ഡ്വെയര്‍, ക്ലീന്‍ എനര്‍ജി സൊല്യൂഷനുകള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, എൻജിനീയറിങ് ടാലന്‍റ് പൂള്‍ തുടങ്ങിയവയുടെ ശക്തമായ സംയോജനമുള്ള കേരളത്തിന്‍റെ ഐ.ടി. മേഖലയ്ക്ക് ഓട്ടോമേറ്റഡ് ഡ്രൈവിങ്, ക്ലൗഡ് സേവനങ്ങള്‍, ഐ.ഒ.ടി., യു.എക്സ്. ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിവുണ്ട്. ഉത്പന്നങ്ങളുടെ രൂപകല്‍പനയും വികസനവും എഐ, എംഎല്‍ ഡിജിറ്റലൈസേഷന്‍, ടെക് ഡിസൈന്‍ എന്നീ മേഖലകളില്‍ കേരളത്തിന് കരുത്ത് തെളിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
മേഖലയ്ക്ക് കരുത്തു പകരാന്‍ കഴിയുന്നതാണ് സംസ്ഥാനത്തെ ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥയെന്ന് ഡി സ്പേസ് ഇന്ത്യ എം.ഡി. ഫ്രാങ്ക്ളിന്‍ ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിന്‍റെ മികച്ച പിന്തുണ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംസ്ഥാനത്തെ ഓട്ടോമേഷന്‍ സാങ്കേതികവിദ്യാ കുതിച്ചുചാട്ടത്തിന് പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്രാന്‍ഡിനെ പുനര്‍നിര്‍മ്മിക്കുകയും ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ഉള്‍പ്പെടെ നിരവധി നൂതന സാങ്കേതികവിദ്യകളില്‍ സംസ്ഥാനത്തിനുള്ള വൈദഗ്ധ്യം മുന്‍നിര വ്യവസായികളെ അറിയിക്കണമെന്നും കെ.പി.എം.ജി. ഇന്ത്യ മേധാവിയും ബിസിനസ് കണ്‍സള്‍ട്ടിങ് മേധാവിയുമായ വിനോദ് കുമാര്‍ രാമചന്ദ്രന്‍ പറഞ്ഞു.
മെഷീന്‍ ലേണിങ്ങിനായുള്ള ക്ലൗഡ് സാങ്കേതികവിദ്യയ്ക്ക് വലിയ ഭാവിയാണുളളതെന്ന് എ.ഡബ്ല്യൂ.എസ്. ഇന്ത്യ ഗ്ലോബല്‍ വെര്‍ട്ടിക്കല്‍ ആന്‍ഡ് സ്ട്രാറ്റജിക് അക്കൗണ്ട്സ് മേധാവി മധു ഗാംഗുലി പറഞ്ഞു. കേരളം ഏവരും ഉറ്റുനോക്കുന്ന സംസ്ഥാനമാണെന്നും സംസ്ഥാനത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും അക്കാദമിക് വ്യവസായ ബന്ധവും ഓട്ടോമേഷന്‍ മേഖലയില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞു.
കാറ്റ്സ് 2025 സമാപന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായിരുന്നു. ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം, മികവിന്‍റെ കേന്ദ്രങ്ങള്‍, ഓട്ടോമേഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെ ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സംസ്ഥാനത്തിന് ഓട്ടോമോട്ടീവ് മേഖലയില്‍ മികച്ച സാധ്യതയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഓട്ടോമോട്ടീവ് ടെക്നോളജിയില്‍ മികവിന്‍റെ കേന്ദ്രം, ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉതകുന്ന ഗവേഷണ സൗകര്യങ്ങള്‍, ഓട്ടോമോട്ടീവ് ടെലിമാറ്റിക് സൗകര്യം, ഓട്ടോമോട്ടീവ് ടെക്നോളജി, എംബഡഡ് സിസ്റ്റംസ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ആരംഭിക്കല്‍ എന്നിവയടക്കം നിരവധി ശുപാര്‍ശകള്‍ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു.
കേവലമൊരു ഉച്ചകോടി എന്നതിനപ്പുറം ഓട്ടോമോട്ടീവ് രംഗത്ത് നവീനതയും ഗവേഷണ വികസന ആവാസവ്യവസ്ഥയും മികച്ച തൊഴില്‍ വൈദഗ്ധ്യവുമുള്ള ലോകോത്തര ഓട്ടോമോട്ടീവ് കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെ അടയാളപ്പെടുത്തിയ സമ്മേളനമായിരുന്നു ഇതെന്ന് സി.ഐ.ഐ. തിരുവനന്തപുരം സോണ്‍ ചെയര്‍മാനും കാറ്റ്സ് 2025 കോ ചെയറും ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ഓട്ടോമോട്ടീവ് ടെക്നോളജിയില്‍ കേരളത്തിന്‍റെ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ഈ ഉച്ചകോടി നടത്താന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കെ.എസ്.ഐ.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ഹരികൃഷ്ണന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.