29 C
Trivandrum
Wednesday, March 12, 2025

മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്‌കരൻ അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്‌. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ്‌ അക്ഷയിലായിരുന്നു താമസം.

1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയ്നിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന്‌ തിരുവനന്തപുരം ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌റ്റംബറിൽ വിരമിച്ചു. ‘ഇ.കെ.നായനാരുടെ ഒളിവുകാല ഓർമകൾ’, ‘സ്നേഹിച്ച് മതിയാവാതെ’ എന്നീ പുസ്‌തകങ്ങളും 7 വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.

എസ്.എഫ്.ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ‌് മുൻ എഡിറ്ററും സി.പി.എം. നേതാവുമായിരുന്ന പരേതനായ സി.ഭാസ്‌കരനാണ്‌ ഭർത്താവ്‌. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.

മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തൈക്കാട്‌ ശാന്തികവാടത്തിൽ.

ദീർഘകാലം ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകയായിരുന്ന തുളസി ഭാസ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവർത്തനത്തിൽ എത്തിയ തുളസി ഭാസ്കരൻ ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാർത്താ ചുമതലയിൽ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു.
റിട്ടയർമെൻ്റിനു ശേഷവും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തുളസി ഭാസ്കരന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks