29 C
Trivandrum
Friday, March 14, 2025

ഖുറേഷി അബ്രാം എത്തി; എമ്പുരാൻ ടീസർ പുറത്തിറക്കിയത് മമ്മൂട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 7:07നാണ് പ്രത്യേക പരിപാടിയിൽ മമ്മൂട്ടി ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു.

പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവർക്കും അതിന്റെ ഭാ​ഗമാവാൻ സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

ആശീർവാദ് സിനിമാസിന്റെ 25ാം വാർഷികാഘോഷവും ടീസർ ലോഞ്ചിന്റെ ഭാ​ഗമായി നടന്നു. ‘ആന്റണിയുടെ ആശീർവാദ് ആണിപ്പോൾ പ്രത്യേകം ആശീർവാദം ആ​ഗ്രഹിക്കുന്നത്. ആശീർവദിക്കാൻമാത്രം എനിക്കെന്ത് അർഹതയാണുള്ളതെന്ന് അറിയില്ല. എങ്കിലും എല്ലാ ആശംസകളും സ്നേഹവും ആശീർവാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകളും നേരുന്നു.’ -മമ്മൂട്ടി പറഞ്ഞു.

2019ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയാണ് എല്‍2: എമ്പുരാന്‍. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുക. വലിയ ബജറ്റ് ചിത്രങ്ങളുടെ പേരിൽ പ്രശസ്തനായ സുബാസ്കരന്റെ ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ എത്തിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ടീസര്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.

8 സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ജന്മദിനമായ ജനുവരി 21നാണ് ‘അധികാരമെന്നതൊരു മിഥ്യയാണ്’ എന്ന ടാഗ് ലൈനോടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തില്‍ മുഴുനീള വേഷമാണ് ടൊവിനോയ്ക്ക് എന്നാണ് വിവരം.

മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks