Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 2 ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നെടുമ്പാലയിലെ 48.96 ഹെക്ടറും എൽസ്റ്റോണിലെ 58.5 ഹെക്ടറും 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്താണ് മോഡൽ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്‍റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്‍റും നെടുമ്പാലയില്‍ 10 സെന്‍റും ആയിരിക്കും നല്‍കുക. 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക.
എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപജീവനമാര്‍ഗം ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.
750 കോടിയാണ് നിര്‍മാണ ചിലവ്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പുകളുടെ നിര്‍മാണച്ചുമതല. കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനാണ് നിര്‍മാണ മേല്‍നോട്ടം. നെടുമ്പാലയില്‍ കുന്നിന്‍ പ്രദേശത്തിന് അനുയോജ്യമായ വിധത്തിലാണ് നിര്‍മാണം നടത്തുക. കാര്‍ഷിക സ്വഭാമുള്ള മേഖല ആയതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് കൂടി ഉപകരിക്കും വിധത്തിലാണ് 10 സെന്റ് സ്ഥലത്ത് ഇവിടെ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇവിടുത്തെ ഭൂപ്രകൃതി പരിഗണിച്ച് വീടുകളുടെ എണ്ണം കുറവായിരിക്കും.
കല്പറ്റയിൽ 5 സെന്റ് സ്ഥലത്താണ് കൂടുതല്‍ വീടുകള്‍ നിര്‍മിക്കുക. ദേശീയ പാതയോട് ചേര്‍ന്ന് നിടക്കുന്ന കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വാണിജ്യ ഉപയോഗങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഉണ്ടാവും. ക്ലസ്റ്റര്‍ മാതൃകയിലാണ് കല്പറ്റയില്‍ വീടുകള്‍ നിര്‍മിക്കുന്നത്. വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സുസ്ഥിര നിര്‍മാണ രീതിയിലാകും ടൗണ്‍ഷിപ്പിന്റെ നിര്‍മാണം. 2 നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക.
ടൗണ്‍ഷിപ്പിനുള്ളില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് പുറത്ത് വീട് വെച്ച് താമസിക്കാന്‍ 15 ലക്ഷം രൂപ നല്‍കും. ഇതേ തുക തന്നെയാണ് വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും നല്‍കക. ഈ 2 ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ ഇരയായവര്‍ക്ക് മാത്രമാണ് ഈ തിരുമാനം ബാധകമാവുക. പുനരധിവാസം ആവശ്യമുള്ള 5 ഗോത്ര കുടുംബങ്ങള്‍ക്ക് അവരുടെ താത്പര്യം അനുസരിച്ചുള്ള പുനരധിവാസം ഏര്‍പെടുത്തും. ഇതില്‍ 4 കുടുംബങ്ങള്‍ ടൗണ്‍ഷിപ്പ് തന്നെ തിരഞ്ഞെടുത്തുവെന്നാണ് വിവരം.
ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന സ്ഥലത്തിന് എല്ലാ തരത്തിലുള്ള ഉടമസ്ഥാവകാശമുണ്ടാവുമെങ്കിലും ഈ സ്ഥലം മറിച്ചുവില്‍ക്കുന്നത് ഉടന്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ദുരന്തമേഖലയിലെ ഭൂമിയുടെ അവകാശം ഉടമസ്ഥര്‍ക്ക് തന്നെയായിരിക്കും.
ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റുമാണ് ഇതിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവും പ്രധാന സ്പോണ്‍സര്‍മാരും മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപവത്കരിക്കും.
പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേډയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സര്‍ക്കാര്‍, പി.എം.സി പ്രതിനിധികളും മൂന്നാം കക്ഷി എന്ന നിലയില്‍ ഒരു സ്വതന്ത്ര എൻജിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനമായിരിക്കും ഈ സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാര്‍ രേഖകളും പരിശോധിച്ച് ശുപാര്‍ശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നല്‍കുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.