പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട്ട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം ഏറ്റവും കാര്യമായി ആഘോഷിച്ചത് എസ്.ഡി.പി.ഐ. രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയപ്പോള്‍ തന്നെ അവര്‍ ആഹ്ലാദപ്രകടനവുമായി നഗരത്തിലിറങ്ങി.
Follow the FOURTH PILLAR LIVE channel on WhatsApp
ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കു പോയതോടെ ആഘോഷം മൂര്‍ദ്ധന്യത്തിലായി. സി.പി.എം. ഓഫീസിനു സമീപത്തും അവര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി.
പാലക്കാട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ.യും യു.ഡി.എഫുമായുള്ള ബന്ധം വലിയ ചര്‍ച്ചാവിഷയമായിരുന്നു. വര്‍ഗ്ഗീയവാദികളായ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്നു പറയുമോ എന്നായിരുന്നു യു.ഡി.എഫിനോട് എല്‍.ഡി.എഫ്. ഉയര്‍ത്തിയ പ്രധാന ചോദ്യം. രാഹുല്‍ മാങ്കൂട്ടത്തിലിനോടും മറ്റു യു.ഡി.എഫ്. നേതാക്കളോടും ഇതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴും വ്യക്തമായ മറുപടിയുണ്ടായില്ല.
വോട്ട് ചെയ്യിക്കാന്‍ എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ആരോപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു എന്ന രീതിയില്‍ പാലക്കാട്ടെ രാഹുലിന്റെ വിജയം എസ്.ഡി.പി.ഐ. ആഘോഷിച്ചത് ചര്‍ച്ചാവിഷയമായത്.