ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
കോഴിക്കോട്: പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇടതുമുന്നണിയുടെ ഭാഗമായ എം.എല്‍.എ. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അന്‍വറിന്റെ ഉദ്ദേശം എന്തെന്നത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ടി.പി. പറഞ്ഞു. ഏതോ കേന്ദ്രങ്ങളില്‍ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അന്‍വറിന്റെ കടന്നാക്രമണമെന്നും അന്‍വറിനെതിരായ നടപടി ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
മുന്നണിയുടെയും സര്‍ക്കാരിന്റെയും തലവനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ നേതൃത്വത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്. പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയുടെ ശോഭ കെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് കൂടുതല്‍ തിളക്കത്തോടെ മുഖ്യമന്ത്രി വന്നിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി പറയാന്‍ അന്‍വറിന് എന്ത് പ്രാതിനിധ്യമാണുള്ളത്. അന്‍വറിന്റെ അഭിപ്രായം സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സുജിത് ദാസിനെതിരെ നടപടി എടുത്തല്ലോ.പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ നിലപാട് ജനങ്ങള്‍ തള്ളിക്കളയും. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. പുറത്ത് പോകുകയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. നടപടി പാര്‍ട്ടി തീരുമാനിക്കും. ശത്രുക്കളുടെ കൈയ്യിലെ ആയുധമാണ് അന്‍വറെന്നും അദ്ദേഹം കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടായിരുന്നയാളാണെന്നും ടി.പി.രാമകൃഷ്ണന്‍ വിമര്‍ശിച്ചു.